ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി കുസാറ്റിലെ നാല് പേർ.
- Posted on September 29, 2024
- News
- By Varsha Giri
- 203 Views
കൊച്ചി:
ഈ വർഷത്തെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നാല് ശാസ്ത്രജ്ഞർ. സിൻഡിക്കേറ്റ് അംഗവും സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് എഞ്ചിനീയറിംഗ് മുൻ ഡീനുമായ ഡോ. ശ്രീജിത് പി. എസ്, അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പ് മേധാവി ഡോ. മനോജ് പി. കെ, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പ് മേധാവി ഡോ. പ്രശാന്ത് രാഘവൻ, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പ് എമെറിറ്റസ് പ്രൊഫസർ ഡോ. സി. പി. രഘുനാഥൻ നായർ എന്നിവരാണ് ഈ വർഷത്തെ പട്ടികയിൽ ഇടം നേടിയത്.
2021 മുതൽ ആഗോള റാങ്കിംഗിൽ തുടർച്ചയായി ഈ നേട്ടം കൈവരിച്ചു വരുന്ന കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെയും കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കുട്ടനാട്ടിലെയും (സിയുസിഇകെ) മുൻ പ്രിൻസിപ്പലായ ഡോ.ശ്രീജിത്ത് പി.എസ്. രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയുടെയും ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയുടെയും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഐടി മദ്രാസിൽ നിന്ന് മാനുഫാക്ചറിംഗിൽ പിഎച്ച്ഡിയും സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രിസിഷൻ എഞ്ചിനീയറിംഗ് ആൻഡ് നാനോ ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും (പിഡിഎഫ്) നേടിയ അദ്ദേഹം 51 ഇന്റർനാഷണൽ ജേണൽ പേപ്പറുകളും 52 ഇന്റർനാഷണൽ, നാഷണൽ കോൺഫറൻസ് പേപ്പറുകളും ദേശീയ ദിനപത്രങ്ങളിൽ പത്തിലധികം പ്രസിദ്ധീകരണങ്ങളും രചിച്ചിട്ടുണ്ട്.
ബാങ്കിംഗ് മേഖലയിൽ 8 വർഷം സേവനമനുഷ്ഠിച്ച ശേഷം കുസാറ്റിൻറെ ഭാഗമായ ഡോ മനോജ് പി കെ നിലവിൽ സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവിയും പ്രൊഫസറുമാണ്. ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ അപ്ലൈഡ് ഇക്കണോമിക്സ് ചെയർമാനും സോഷ്യൽ സയൻസസ് ഫാക്കൽറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുള്ള ഡോ.മനോജിൻറെ കീഴിൽ 18 വിദ്യാർത്ഥികൾ പി.എച്ച്.ഡിയും, 33 പേർ എം.ഫില്ലും നേടിയിട്ടിണ്ട്. സ്കോപ്പസ് ജേണലുകളിൽ 23 പ്രബന്ധങ്ങളും എബിഡിസി ജേണലുകളിൽ 7 പ്രബന്ധങ്ങളും യുജിസി-കെയർ ജേണലുകളിൽ 100 ലധികം പ്രബന്ധങ്ങളും 2500 ലധികം സൈറ്റേഷനുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എച്ച്-ഇൻഡക്സ് 26 ഉം ഐ-10 ഇൻഡക്സ് 56 ഉം (ഗൂഗിൾ സ്കോളർ) ആർഐ സ്കോർ 5456 ഉം എച്ച്-ഇൻഡക്സ് 32 (റിസർച്ച് ഗേറ്റ്) ഉം ആണ്. എം.ബി.എ, എം.ടെക്ക്, എം.എ (ഇക്കണോമിക്സ്), എം.കോം, എം.എ (സോഷ്യോളജി), എം.ടി.എം, പി.എച്ച്.ഡി (മാനേജ്മെന്റ്), പി.എച്ച.ഡി (ഇക്കണോമിക്സ്), ഡി.ലിറ്റ് (ഇക്കണോമിക്സ്), എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള അദ്ദേഹം മുംബൈയിലെ ഐ.ഐ.ബി എഫി.ന്റെ സിഎഐഐബി പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസാവുകയും, എഐഎംഎ അംഗീകൃത മാനേജ്മെന്റ് ടീച്ചറായി (എ.എം.ടി) യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
2024 ലെ കരിയർ-ലോംഗ് റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ പ്രശാന്ത് രാഘവൻ 2019 മുതൽ ആഗോള റാങ്കിംഗിൽ തുടർച്ചയായി ഇടം നേടുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ദക്ഷിണ കൊറിയയിലെ ഗിയോങ്സാങ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കിയ അദ്ദേഹം കുസാറ്റിൽ ചേരുന്നതിന് മുമ്പ് സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലും യുഎസ്എയിലെ റൈസ് യൂണിവേഴ്സിറ്റിയിലും ഗവേഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇലക്ട്രോകെമിക്കൽ എനർജി സ്റ്റോറേജ് ഡിവൈസുകൾ, ട്രൈബോ ഇലക്ട്രിക് നാനോജെനറേറ്ററുകൾ, നാനോ എഞ്ചിനീയറിംഗ് എന്നിവയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. സുരക്ഷിതമായ ഇലക്ട്രോലൈറ്റുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലിഥിയം അയോൺ ബാറ്ററികളിൽ വിപ്ലവകരമായ മാറ്റം കോണ്ടുവന്നു. അന്താരാഷ്ട്ര ജേണലുകളിൽ 200 ലധികം ശാസ്ത്രീയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം ശാസ്ത്ര അന്താരാഷ്ട്ര കോൺഫറൻസുകളിലും കോൺക്ലേവുകളിലും നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഐഎസ്ആർഒയിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. പി. രഘുനാഥൻ നായർ 2016ൽ വിരമിക്കുന്നതുവരെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാൻസിലെ ലൂയി പാസ്ചർ സർവകലാശാലയിൽ നിന്ന് മാക്രോമോളിക്യുലാർ മെറ്റീരിയലുകളിൽ പിഎച്ച്ഡി നേടിയ അദ്ദേഹം സ്പെയ്സ് മെറ്റീരിയൽ സയൻസ് വിദഗ്ദ്ധനാണ്. 30 ഓളം പേറ്റന്റുകൾ അദ്ദേഹത്തിനുണ്ട്. 220 ലധികം യഥാർത്ഥ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 12 പുസ്തകങ്ങളും ഇരുപതിലധികം പുസ്തക അധ്യായങ്ങളും 140 ഓളം കോൺഫറൻസ് പേപ്പറുകളും 40 ജനപ്രിയ ശാസ്ത്ര ലേഖനങ്ങളും രചിച്ചിട്ടുണ്ട്. രസതന്ത്രം, പോളിമർ കെമിസ്ട്രി, പ്രൊപ്പല്ലന്റുകൾ, മെറ്റീരിയലുകൾ എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങൾ ദേശീയ, ആഗോള തലങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ ആഗോള റാങ്കിംഗായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി വാർഷിക റാങ്കിംഗ് വ്യാപരമായി അംഗീകപൃരിക്കപ്പെട്ട ഒന്നാണ്, അതിൽ 22 ശാസ്ത്ര മേഖലകളും 174 ഉപമേഖലകളും ഉൾപ്പെടുന്നു. ഏറ്റവും സ്വാധീനമുള്ള ഗവേഷകരുടെ പ്രതിഫലനം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഫോർഡ്, നെതർലൻഡ്സ് ആസ്ഥാനമായുള്ള പ്രസിദ്ധീകരണ കമ്പനിയായ എൽസെവിയറുമായി സഹകരിച്ച്, ആഗോളതലത്തിൽ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാൻഫോർഡ് ഈ പട്ടിക തയ്യാറാക്കുന്നത്. ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന പട്ടികയിലെ 2,23,252 ശാസ്ത്രജ്ഞരിൽ, ഇന്ത്യയിൽ നിന്ന് 5,352 ശാസ്ത്രജ്ഞരുണ്ട്. 2023 ൽ പട്ടികയിൽ രാജ്യത്ത് നിന്നുള്ള 4,635 ശാസ്ത്രജ്ഞർ ഉണ്ടായിരുന്നു.
സി.ഡി. സുനീഷ്
