2047 ഓടെ വികസിത ഇന്ത്യ - ലക്ഷ്യത്തിലേക്ക് ചുവട് വെക്കാൻയൂത്ത് ഓഫീസർമാരുടെ ദ്വിദിന ദേശീയ കൺവൻഷൻ
- Posted on September 05, 2024
- News
- By Varsha Giri
- 16 Views
ന്യൂ ഡൽഹി:
ജില്ലാ യൂത്ത് ഓഫീസർമാരുടെ ദ്വിദിന ദേശീയ കൺവെൻഷൻ ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. 2047 ഓടെ വികസിത ഇന്ത്യ - 'വികസിത് ഭാരത്' - എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ യുവാക്കളുടെ സുപ്രധാന പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവശക്തിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്രമന്ത്രി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൽ അർത്ഥപൂർണ്ണമായ സംഭാവനകൾ നൽകുന്നതിന് രാജ്യത്തുടനീളമുള്ള യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും അവരുമായി ഇടപഴകുന്നതിനും നേതൃത്വം നൽകാൻ ജില്ലാ യൂത്ത് ഓഫീസർമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
അടുത്തിടെ ലോഞ്ച് ചെയ്ത മൈ ഭാരത് (MY Bharat ) പ്ലാറ്റ്‌ഫോമിൻ്റെ സാധ്യതകളും ഡോ. മാണ്ഡവ്യ എടുത്തുപറഞ്ഞു. ഭാവിയിൽ യുവാക്കൾക്ക് നൈപുണ്യത്തിനും തൊഴിലവസരങ്ങൾക്കുമായി കൂടുതൽ വഴികൾ നൽകാനാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മൈ ഭാരത് പ്ലാറ്റ്‌ഫോം യുവാക്കൾക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇടമായി മാറും, അദ്ദേഹം കൂട്ടിച്ചേർത്തു. 1.5 കോടിയിലധികം യുവ സന്നദ്ധപ്രവർത്തകർ ഇതിനകം തന്നെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബർ അവസാനത്തോടെ ഇത് 3 കോടിയായി ഉയർത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു .
വികസിത് ഭാരത് 2047, പൊതുജീവിതത്തിലെ യുവജനങ്ങൾ, എഫ്ഐടി ഇന്ത്യ ക്ലബ്ബുകൾ, സ്വച്ഛ് ഭാരത് മിഷൻ - നയാ സങ്കൽപ് തുടങ്ങിയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ കേന്ദ്രമന്ത്രി അദ്ധ്യക്ഷത വഹിച്ചു. യുവജനകാര്യ വകുപ്പ്, മൈ ഭാരത് എന്നിവയിലെ രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു .
2024 സെപ്‌റ്റംബർ 4, 5 തീയതികളിൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിൽ ഉള്ള യുവജനകാര്യ വകുപ്പാണ് ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുന്നത് . രാജ്യത്തുടനീളമുള്ള യൂത്ത് ഓഫീസർമാർ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.മൈ ഭാരത്ടെക്‌നോളജി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. കൺവെൻഷന്റെ ഭാഗമായി ബ്രെയിൻസ്റ്റോമിംഗ് സെഷനുകളും വിവിധ വിഷയത്തിൽ അവതരണങ്ങളും നടക്കും .