കുസാറ്റിൽ ഇന്റർനാഷണൽ ലേണേഴ് സമ്മിറ്റ് 21 വരെ.
- Posted on February 21, 2025
- News
- By Goutham prakash
- 188 Views
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും (എസ്എംഎസ്) ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് കൊച്ചി ചാപ്റ്ററും (ഐഎസ്ടിഡി) ഫെബ്രുവരി 20, 21 തീയതികളിൽ സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ലേണേഴ്സ് സമ്മിറ്റ് (ഐഎൽഎസ് 2025) കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെച്ച് നടത്തും. രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന സമ്മേളനത്തിന്റെ ഈ വർഷത്തെ ഇതിവൃത്തം ‘വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും മാനവ മൂലധനത്തിന്റെ പരിവർത്തനവും’ എന്നതാണ്. ഫെബ്രുവരി 20ന് വൈകിട്ട് 6.15ന് നടക്കുന്ന ചടങ്ങ് കുസാറ്റ് വൈസ് ചാൻസിലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും. ടാറ്റാ സൺസ് ബ്രാൻഡ് കസ്റ്റോഡിയനും ടാറ്റാ കോഫി ലിമിറ്റഡിന്റെ ചെയർമാനുമായ ഹരീഷ് ഭട്ട് മുഖ്യപ്രഭാഷണം നടത്തും. ഓസ്ട്രേലിയയിലെ മൊണാഷ് സർവ്വകലാശാലയിൽ നിന്നുള്ള പ്രൊഫ. ഡോ. ഗബ്രിയേൽ ഗാർസിയ ഒഖാവ ഈ വർഷത്തെ വിഷയം അവതരിപ്പിക്കും.
ഫെബ്രുവരി 21ന് രാവിലെ 9.30ന് ശാസ്ത്ര, സാങ്കേതിക വിദ്യയുടെയും അക്കാദമിക സ്കോളർഷിപ്പുകളുടെയു വാണിജ്യവൽക്കരണവും എന്ന വിഷയത്തിൽ പ്രഭാഷണവും പാനൽ ചർച്ചയും ആരംഭിക്കും. കൊച്ചി, സെൻട്രൽ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ), ഡയറക്ടർ ഡോ. ജോർജ്ജ് നൈനാൻ വിഷയത്തെക്കുറിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ ഫിൻപ്രോ ലേണിംഗ് കൊച്ചിയുടെ സ്ഥാപക സിഇഒ എച്ച് ആനന്ദ് കുമാർ, കുസാറ്റിലെ സോഷ്യൽ സയൻസ് വകുപ്പ് മേധാവിയും ഐക്യുഎസി ഡയറക്ടറുമായ സാം തോമസ്, ടെക്ജെൻസിയ സോഫ്‌റ്‌റെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ജോയ് സെബാസ്റ്റിയൻ എന്നിവർ സംസാരിക്കും. ടിസിഎസ്, കൊച്ചി, എന്റർപ്രൈസ് കൊഗ്‌നിറ്റീവ് ബിസിനസ്സ് ഓപ്പറേഷൻസ് മേധാവി സുജാത മാധവ് ചന്ദ്രൻ ചർച്ചയ്ക്ക് നേതൃത്വം നൽകും.
ഫെബ്രുവരി 21ന് രാവിലെ 11ന് സാങ്കേതിക വിദഗ്ധനും ശാസ്ത്രജ്ഞനുമായ റോബിൻ ടോമി ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഘടനയും ഉയർന്ന നൈപുണ്യം നടപ്പാക്കലും എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ കേരള ഡിജിറ്റൽ സർവകലാശാല അക്കാദമിക് ഡീൻ, പ്രൊഫ. ഡോ. എസ് അഷ്റഫ്, ഐസിഐസിഐ ബാങ്ക് റീജിയണൽ മേധാവി ശ്രീധർ രഘുനാഥ്, കെ-ഡിസ്‌ക് സ്കിൽസ്, എംപ്ലോയ്മെന്റ് ആൻഡ് എന്റർപ്രനർഷിപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ് പി എം എന്നിവർ പങ്കെടുക്കും. എസ്എംഎസ് അസോസിയേറ്റ് പ്രൊഫസർ ഡോ. സ്മാർടി മുകുന്ദൻ ചർച്ചയ്ക്ക് നേതൃത്വം നൽകും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന വിഷയാവതരണത്തിൽ ഏണസ്റ്റ് ആൻഡ് യംഗ് (ഇവൈ) ബാംഗ്ലൂർ പാർട്ടർ രാജേഷ് നായർ സംസാരിക്കും. തുടർന്നുള്ള പാനൽ ചർച്ചയിൽ അപ്ഗ്രേഡ് ആൻഡ് കൺസൾട്ടന്റ് ഇ. എഡ്യുക്കേഷൻ മുൻ സിഇഒ അർജുൻ മോഹൻ, കെഎസ്യുഎം സിഒഒ ടോം തോമസ്, ടിസിഎസ് എഐ ക്ലൗഡ് എന്റർപ്രൈസ് ആർകിടെക്ട് രാജീവ് അഴുവത്ത് എന്നിവർ സംസാരിക്കും. രാഖി നായർ ചർച്ചയ്ക്ക് നേതൃത്വം നൽകും.
സമാപന സമ്മേളനത്തിൽ കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ, ഇവൈ നെതർലാൻഡസ് മുൻ സീനിയർ പാർടണർ അലക്സ് വിജിനൻ എന്നിവർ പങ്കെടുക്കും.
