രാജ്യാന്തര നാടകോൽസവത്തിന് 23 ന് തുടക്കമാകും.
- Posted on February 18, 2025
- News
- By Goutham prakash
- 123 Views
 
                                                    വൈവിധ്യമാർന്ന ജീവിതാവസ്ഥകളുടെ ഇഴകൾ ചേർത്ത രാജ്യാന്തര നാട കങ്ങളുമായി രാജ്യാന്തര നാടകോത്സവത്തിന്റെ ഫസ്റ്റ് ബെൽ 23 ന് മുഴങ്ങും.
ഇറ്റ്ഫോക് 2025ൽ നടൻ നാസർ അതിഥിയാകും
ഫെബ്രുവരി 23ന് ആരംഭിക്കുന്ന അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അഭിനേതാവും സംവിധായകനും നിർമ്മാതാവുമായ എം. നാസർ അതിഥിയാകുന്നു. നാടക പ്രേമികൾക്ക് ലോകോത്തര നാടകങ്ങൾ ആസ്വദിക്കുന്നതിനുള്ള വേദി ഒരുക്കുന്ന ഇറ്റ്ഫോക്കിന്റെ ആവേശത്തിനൊപ്പമാണ് താരത്തിന്റെ സന്ദർശനം. വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും പ്രതീക്ഷയും അതിജീവനവും പ്രമേയമാക്കിക്കൊണ്ട് മാനവികതയുടെ വീണ്ടെടുപ്പ് ആഹ്വാനം ചെയ്യുകയാണ് അന്താരാഷ്ട്ര നാടകോത്സവം.
മുഖം, ബട്ടർഫ്ലൈസ്, ഒളിമ്പ്യൻ ആൻ്റണി ആദം തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകർക്ക് നാസർ സുപരിചിതനായി. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ നടികർ സംഘത്തിന്റെ പ്രസിഡന്റാണ് അദ്ദേഹം. 23ന് വൈകീട്ട് 4.30ന് കേരള സംഗീത നാടക അക്കാദമിയുടെ മുൻവശത്തെ വേദിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് നാസർ അതിഥിയാകുക. ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെയാണ് കേരളത്തിലെ ഏറ്റവും വലിയ നാടകോത്സവം ഇറ്റ്ഫോക് 2025ന് തൃശൂർ സാക്ഷ്യം വഹിക്കുന്നത്.

 
                                                                     
                                