ഗാസയിലെ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 27 പേർ കൊല്ലപ്പെട്ടു
- Posted on June 06, 2024
- World
- By Arpana S Prasad
- 221 Views
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സ്കൂളിൽ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ഗാസയിലെ ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തിൽ 27ഓളം പേർ കൊല്ലപ്പെട്ടു. ഭീകരമായ കൂട്ടക്കൊലയാണ് ഇസ്രായേൽ നടത്തിയതെന്ന് ഹമാസ് മീഡിയ ഓഫീസ് ആരോപിച്ചു. ആംബുലൻസുകളും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെയും മരിച്ചവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സ്കൂളിൽ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നസ്റത്ത് അഭയാർത്ഥി ക്യാംപിലെ സ്കൂളിൽ ഇസ്രയേലിന്റെ രണ്ട് മിസൈലുകളാണ് പതിച്ചത്. അതേസമയം ഇന്ന് രാവിലെ പാലസ്തീനിലെ മാധ്യമ പ്രവർത്തകർ എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ദേർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് പരിക്കേറ്റവരുടേയും മരിച്ചവരുടെ മൃതദേഹങ്ങളുടെ നീണ്ട നിരയുടേയും വീഡിയോ ദൃശ്യങ്ങൾ കാണാം.
അതേസമയം ഒക്ടോബർ 7ന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഒക്ടോബറിൽ ദക്ഷിണ ഇസ്രയേലിലുണ്ടായ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ധിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 36580ലേറെ പേരാണ് കൊല്ലപ്പെട്ടത്. നസ്രത്തിലെ ആക്രമണത്തിന് മുൻപ് സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായാണ് ഇസ്രയേൽ സേന വിശദമാക്കുന്നത്.
സ്വന്തം ലേഖിക