കേരളത്തിന്റെ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവെക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് പരമോന്നത കോടതി നോട്ടീസയച്ചത്

കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവെക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് പരമോന്നത കോടതി നോട്ടീസയച്ചത്.

രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. സമാനമായ ഹർജിയിൽ പശ്ചിമ ബം​ഗാൾ ​ഗവർണർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.

കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ഹാജരായി. ഗവര്‍ണര്‍മാര്‍ എപ്പോള്‍ ബില്ലുകള്‍ തിരിച്ചയക്കണമെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണമെന്നും എന്നകാര്യത്തില്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന്‌ വേണുഗോപാല്‍ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയിൽ കേരളം വാദിക്കുന്നത്. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷണന്‍ എം.എല്‍.എയുമാണ് ഹര്‍ജിക്കാർ


                                                          സ്വന്തം ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like