ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി.
ന്യൂദൽഹി : ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു ആദ്യം നൽകിയ കാലാവധി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്നും ആവശ്യമുയർന്നു. ഇതിന്റെ തുടർച്ചയായാണ് കാലാവധി ജൂൺ 30 വരെ നീട്ടിയത്. ആധാറും പാൻ കാർഡും ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക്ക് ചെയ്യുക. പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ചെയ്തിട്ടില്ലെങ്കിൽ Link Aadhaar ക്ലിക്ക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യാവുന്നതാണ്. പാനിലേയും ആധാറിലേയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ഇരുരേഖകലിലേയും പേരുകൾ ഒരുപോലെയാക്കണം.
സ്വന്തം ലേഖകൻ.