ശബരിമല തീര്‍ഥാടനം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 3.36 കോടി പ്രത്യേക ധനസഹായം
- Posted on November 25, 2022
- News
- By Goutham prakash
- 262 Views
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.31കോടിയും, നഗരസഭകള്‍ക്ക് 1.05കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 32 പഞ്ചായത്തുകള്‍ക്കും 6നഗരസഭകള്‍ക്കുമാണ് ഗ്രാന്‍റ് അനുവദിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കല്‍, ശുചീകരണം, വഴിത്താരകളുടെ പരിപാലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കാം. തീര്‍ഥാടനപാത സുന്ദരവും മാലിന്യമുക്തവുമായി സൂക്ഷിക്കാനും, തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കി നല്‍കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം അനുവദിച്ചതിനു പുറമേ നിന്ന് ഓമല്ലൂര്‍, മണിമല പഞ്ചായത്തുകളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ 17 പഞ്ചായത്തുകള്‍ക്കും കോട്ടയം ജില്ലയിലെ 9 പഞ്ചായത്തുകള്‍ക്കും, ഇടുക്കി ജില്ലയിലെ 6 പഞ്ചായത്തുകള്‍ക്കുമാണ് സഹായം. ചെങ്ങന്നൂര്‍, പത്തനംതിട്ട, തിരുവല്ല, ഏറ്റുമാനൂര്‍, പാലാ, പന്തളം നഗരസഭകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയ്ക്ക് 30 ലക്ഷം രൂപയും ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 25 ലക്ഷം രൂപയും പന്തളം നഗരസഭയ്ക്ക് 20 ലക്ഷം രൂപയുമാണ് സഹായം. മറ്റ് നഗരസഭകള്‍ക്ക് 10ലക്ഷം വീതം ലഭിക്കും. പഞ്ചായത്തുകളില്‍ എരുമേലിക്ക് 37.7 ലക്ഷവും, റാന്നി-പെരുനാടിന് 23.57 ലക്ഷവും, പാറത്തോടിന് 14.14 ലക്ഷവും മണിമലയ്ക്ക് 11.79 ലക്ഷവും കുളനടയ്ക്ക് 10.84ലക്ഷവുമാണ് അനുവദിച്ചത്.

