ഓപ്പറേഷൻ പി - ഹണ്ട് : സംസ്ഥാനവ്യാപകമായി പരിശോധന; 37 കേസ്, ആറുപേർ അറസ്റ്റിൽ
- Posted on September 04, 2024
- News
- By Varsha Giri
- 216 Views
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി.
സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുപത് പോലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ സെക്ഷന്‍ 106 പ്രകാരം 107 റിപ്പോര്‍ട്ടുകളും രജിസ്റ്റര്‍ ചെയ്തു.
പി-ഹണ്ട് അന്വേഷണത്തിന്‍റെ ഭാഗമായി ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറം ജില്ലയില്‍ 60 സ്ഥലങ്ങളില്‍ പരിശോധന നടത്തി 23 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 39 സ്ഥലങ്ങളില്‍ പരിശോധന നടത്തി 29 ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് പരിശോധന നടന്ന പത്തനംതിട്ടയില്‍ എട്ട് സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ആലപ്പുഴ എട്ട് കൊല്ലം ഏഴ്, കാസര്‍ഗോഡ് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂര്‍ റൂറല്‍, തൃശ്ശൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ മൂന്ന് തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

