ഈടില്ലെങ്കിലും ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പ
- Posted on March 21, 2025
- News
- By Goutham prakash
- 100 Views
ഈടില്ലെങ്കിലും ഭിന്നശേഷിക്കാർക്ക്
സ്വയംതൊഴിൽ വായ്‌പ; 35 ലക്ഷം
രൂപ അനുവദിച്ചു: മന്ത്രി ബിന്ദു.
സ്വയംതൊഴിൽ വായ്‍പക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കുള്ള ആശ്വാസം’’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം നൂറ്റിനാല്പതു പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുപ്പത്തഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തുക ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളിൽനിന്നും ട്രാൻസ്‌ഫർ ചെയ്യും - മന്ത്രി അറിയിച്ചു.
നാൽപ്പതു ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനവുമുള്ള ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്‌സിഡിയോടെ നാമമാത്ര പലിശനിരക്കിൽ ഒരു ലക്ഷം രൂപവരെ വായ്‍പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നടപ്പാക്കിവരുന്നുണ്ട്. ഇതിന് ഭൂമിയോ മറ്റു വസ്‌തുക്കളോ ഈടു വെയ്ക്കണം. അതിനു മാർഗ്ഗമില്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് എൽഡിഎഫ് സർക്കാർ ആശ്വാസം പദ്ധതി ആരംഭിച്ചത്.
ഈ സാമ്പത്തികവർഷം അപേക്ഷ നൽകിയ അർഹരായ മുഴുവൻ പേർക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവൽകൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരുതലാണ് ഈ ധനസഹായമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
