സംഗീതബാന്‍ഡ് ദി പ്ലേഫോര്‍ഡ്സ് കൊച്ചിയില്‍
- Posted on February 25, 2025
- News
- By Goutham prakash
- 162 Views
കൊച്ചി:
ജര്‍മ്മന്‍ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറില്‍ നിന്നുള്ള പ്രശസ്ത സംഗീതബാന്‍ഡായ ദി പ്ലേഫോര്‍ഡ്സ് വ്യാഴാഴ്ച (ഫെബ്രുവരി 27) കൊച്ചിയിലെത്തും. ചവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ട് ഏഴിന് ദി പ്ലേഫോര്‍ഡ്സിന്റെ സംഗീതപരിപാടി അരങ്ങേറും.
ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്റെ ക്ഷണപ്രകാരമാണ് ദി പ്ലേഫോര്‍ഡ്സ് കേരളത്തിലെത്തിയത്. തിങ്കളാഴ്ച (ഫെബ്രുവരി 24) തിരുവനന്തപുരത്ത് പ്ലേഫോര്‍ഡ്സിന്റെ പരിപാടി അവതരിപ്പിച്ചിരുന്നു.
17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിലുള്ള ജര്‍മ്മന്‍ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരിക്കും ഗാനാവതരണം.
ജോണ്‍, ഹെന്റി പ്ലേഫോര്‍ഡ് എന്നിവരുടെ 'ദി ഇംഗ്ലീഷ് ഡാന്‍സിങ് മാസ്റ്ററില്‍' നിന്ന് പ്രചോദനമുള്‍ക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോര്‍ഡ്സിനു പിന്നില്‍. ബ്യോര്‍ണ്‍ വെര്‍ണര്‍ (വോക്കല്‍സ്), ആനെഗ്രറ്റ് ഫിഷര്‍ (റെക്കോര്‍ഡര്‍), എറിക് വാര്‍ക്കന്തിന്‍ (ല്യൂട്ട്), ബെഞ്ചമിന്‍ ഡ്രെസ്ലര്‍ (വയല ഡ ഗാംബ), നോറ തീലെ (പെര്‍ക്കുഷന്‍) എന്നിവരാണ് ബാന്‍ഡംഗങ്ങള്‍.
2001 ല്‍ വെയ്മറിലാണ് ദി പ്ലേഫോര്‍ഡ്സ് രൂപീകൃതമായത്. പാരമ്പര്യലൂന്നിയുള്ള ചരിത്രപരമായ സംഗീതശൈലികളെ സമകാലികരീതികളുമായി കൂട്ടിയിണക്കിയുള്ള ഇവരുടെ അവതരണരീതി ലോകമെമ്പാടും പേരു കേട്ടതാണ്. ജര്‍മ്മനിയ്ക്ക് പുറമെ നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പ്ലേഫോര്‍ഡ്സ് സംഗീതപരിപാടി അവതരിപ്പിക്കാറുണ്ട്.
പൊതുജനങ്ങള്‍ക്ക് പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://trivandrum.german.in/events-detail/279
