ഇതരസംസ്ഥാന-വിദേശ വിദ്യാഭ്യാസ ലോബിക്കു വേണ്ടിയോ? കേരളത്തിലെ സർവ്വകലാശാലകളെ ഇകഴ്ത്തുന്നതിനു പിന്നിൽ ഗൂഢലക്ഷ്യം: മന്ത്രി ഡോ. ബിന്ദു

സി.ഡി. സുനീഷ്



നീതി ആയോഗ് റിപ്പോർട്ട് ആധാരമാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ സർവ്വകലാശാലകളെ ഇകഴ്ത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2025 ഫെബ്രുവരിയിലെ നീതി ആയോഗ് റിപ്പോർട്ടിലെ വസ്തുതകൾ ഉദ്ധരിച്ചാണ് മന്ത്രി ബിന്ദുവിൻ്റെ വിശദീകരണം.


ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോയിൽ (Gross Enrolment Ratio) രാജ്യത്ത് വളരെ മുൻപന്തിയിലുള്ള  സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. 2021-22ൽ ദേശീയ ശരാശരി 28.4 ആയിരിക്കെ 41.3 ആണ് കേരളത്തിൻ്റെ ജി ഇ ആർ സ്കോർ.  ഉന്നതവിദ്യാഭ്യാസരംഗത്തെ ലിംഗസമത്വ സൂചികയിൽ (Gender Parity Index) രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. മൂന്നാം സ്ഥാനം തൊട്ട്, പട്ടികയിലുള്ള സംസ്ഥാനങ്ങളെല്ലാം ജിപിഐ സ്കോറിൽ ഒന്നിൽ താഴെ നിൽക്കുമ്പോൾ 1.44 എന്ന മികച്ച സ്കോറോടെയാണ് കേരളത്തിന് ഒന്നാം സ്ഥാനം. എസ് സി/എസ് ടി, ഒ ബി സി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ഉൾക്കൊള്ളലിലുള്ള മികവാണ് ഈ സ്കോർ നേടുന്നതിൽ  കേരളത്തെ പ്രാപ്തമാക്കിയിട്ടുള്ളത്  - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


സംസ്ഥാന പൊതു സർവ്വകലാശാലകളുടെ മികവ്  പ്രത്യേകം പരിശോധിച്ചാൽ  രാജ്യത്തെ മികച്ച അമ്പത് പൊതുസർവ്വകലാശാലകളിൽ   കേരളത്തിലെ നാല് സർവ്വകലാശാലകൾ ഇടം പിടിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യ മികച്ച  പതിനൊന്നു സർവ്വകലാശാലകൾ  പ്രത്യേകം എടുത്താൽ അതിൽ കേരളത്തിൻ്റെ മൂന്ന് പൊതുസർവ്വകലാശാലകൾ ഉണ്ട്.  മികച്ച അമ്പത് പൊതുസർവ്വകലാശാലകളിൽ ഏഴും ആറും വീതം പൊതുസർവ്വകലാശാലകൾക്ക് ഇടം കിട്ടിയ തമിഴ്നാടും മഹാരാഷ്ട്രയും മാത്രമാണ് ഈ കാര്യത്തിൽ  കേരളത്തിന് മുന്നിലുള്ളത്. കേരള സർവ്വകലാശാല ഈ പട്ടികകളിൽ നാലാം റാങ്ക് നേടിയപ്പോൾ കുസാറ്റ്, എം ജി എന്നിവ പത്തും പതിനൊന്നും റാങ്കോടെ ഇതിൽ സ്ഥാനം പിടിച്ചു. റാങ്ക് 43 നേടി കാലിക്കറ്റും രാജ്യത്തെ ഏറ്റവുമുയർന്ന പൊതുസർവ്വകലാശാലകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മികച്ച പൊതുസർവ്വകലാശാലകളുള്ള സംസ്ഥാനങ്ങളിൽ  രാജ്യത്തെ ആദ്യ അഞ്ചിൽ കേരളം ഇടം പിടിച്ചിട്ടുണ്ട്.  


ഇവയെ കാണാതെയും തമസ്കരിച്ചുമുള്ള ന്യൂസ് ഡെസ്ക് പ്രവർത്തനം കേരളം ഒന്നിനും കൊള്ളില്ലെന്ന വരേണ്യബുദ്ധിയുടെ അന്തമില്ലായ്മയാണ്. വലതുപക്ഷ രാഷ്ട്രീയ പ്രചാരണം ഏറ്റെടുക്കാനുള്ള ഊക്കിൽ വസ്തുതകൾ കാണാതെ പോകുന്ന മന്ദിപ്പാണിത്; മാധ്യമപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു കൂടാ.


നാക് അക്രഡിറ്റേഷൻ-റാങ്കിംഗ് പ്രകടനത്തിലും  കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള അഫിലിയേറ്റിങ്  സർവ്വകലാശാലകളിൽ അഞ്ചിൽ നാലും അക്രെഡിറ്റഡ്  സർവ്വകലാശാലകൾ ആണ്. അതോടൊപ്പം, ബഹുഭൂരിപക്ഷം സർവ്വകലാശാലകൾക്കും എ പ്ലസ് അല്ലെങ്കിൽ എ ഗ്രേഡെന്ന അസാധാരണ മികവും കേരളത്തിനുണ്ട്. ഗുണനിലവാരത്തിലും വ്യാപ്തിയിലുമുള്ള മികവെന്ന നാക് അക്രഡിറ്റേഷൻ മാനദണ്ഡം കേരളത്തിലെ സർവ്വകലാശാലകൾ പാലിക്കുന്നുവെന്ന് ഇതിൽ നിന്നും സുവ്യക്തമാണ്.


ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങൾ ചിലവഴിക്കുന്ന തുകയെ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന ജി എസ് ഡി പി പരിശോധിച്ചാൽ, കേരളത്തിൻ്റെ ജി എസ് ഡി പി ശതമാനം (0.53%)  ദേശീയ ശരാശരിയെക്കാൾ മികവുറ്റതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള നിക്ഷേപ ശതമാനത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ വലിയ സംസ്ഥാനങ്ങളെക്കാൾ മുന്നിൽ ആണ് കേരളം. 4225 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിൻ്റെ ബജറ്റ് നിക്ഷേപമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം നോക്കിയാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ    കേരളം  രണ്ടാം സ്ഥാനത്തുണ്ട്. മികച്ച പൊതുസർവ്വകലാശാലാ സംവിധാനമാണ് കേരളത്തിലുള്ളതെന്നും, അതോടൊപ്പം, സ്ഥിര അധ്യാപകരെ നിയമിക്കുന്നതിലും കേരളം വളരെ മുന്നിലാണെന്നും റിപ്പോർട്ടിലൂടെ കടന്നുപോയാൽ ആർക്കും മനസ്സിലാക്കാം.  


ഡിജിറ്റൽ വിടവ് നികത്താനുള്ള സംരംഭങ്ങളുടെ കാര്യത്തിൽ ഏറ്റവും മികവാർന്ന സംസ്ഥാനമായാണ് കേരളം റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. മൂഡിലും ഡിജികോളും ഉപയുക്തമാക്കിയുള്ള കേരളത്തിൻ്റെ ലെറ്റ്സ് ഗോ ഡിജിറ്റൽ സംരംഭത്തെ പ്രാമുഖ്യത്തോടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കാവുന്ന ബെസ്‌റ് പ്രാക്റ്റീസ് എന്നാണ്  ഈ മേഖലയിലെ പ്രവർത്തന മികവിനെപ്പറ്റി റിപ്പോർട്ട് പറയുന്നത്.


ഇങ്ങനെ, ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ, ലിംഗസമത്വസൂചിക, വിദ്യാർത്ഥി-അധ്യാപക അനുപാതം, ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുള്ള നിക്ഷേപം, ഡിജിറ്റൽവല്ക്കരണം എന്നീ പ്രധാന  അഞ്ചു മാനദണ്ഡങ്ങളിൽ  സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


തുടർച്ചയായ മികവിൻ്റെയും സ്ഥിരതയാർന്ന പ്രകടനത്തിൻ്റെയും പേരിൽ കേരളത്തെ ദേശീയാംഗീകാരത്തിൽ തുടർവർഷത്തിലും നിർത്തിയിരിക്കുന്ന റിപ്പോർട്ടാണിത്. അതിനെയാണ് കേരളത്തെ കൊച്ചാക്കിക്കാണുന്ന കണ്ണട വച്ച് സ്വയം ഇരുട്ടിലാക്കി ചിലർ ഇകഴ്ത്തിക്കാണിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിൻ്റെ മികവാർന്ന പ്രകടനവും വളർച്ചയും അറിയുന്ന കേരള ജനതയ്ക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികളുൾപ്പെട്ട അക്കാദമിക് സമൂഹത്തിനും ഇപ്പറഞ്ഞ ഈ കാഴ്ചക്കുറവില്ല. ഇത് കാഴ്ചക്കുറവോ അന്തമില്ലായ്മയോ അല്ലെന്നും, കുഴിയിലാണ്ട പ്രതിപക്ഷത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയവിദ്യയാണ് മാധ്യമപ്രവർത്തനത്തിൻ്റെ പേരിൽ ചെയ്യുന്നതെന്നും വിദ്യാർത്ഥികളും അക്കാദമിക് സമൂഹവും ലളിതമായി മനസ്സിലാക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ ആകർഷകമായിത്തീർന്നിരിക്കുന്ന കേരളത്തിലെ സർവ്വകലാശാലകളെ പുതിയ അദ്ധ്യയനവർഷത്തിൻ്റെയും പ്രവേശനത്തിൻ്റെയും ഘട്ടത്തിൽ താറടിക്കുന്നതിനു പിന്നിൽ രാഷ്ട്രീയം മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബികളോടും വിദേശ റിക്രൂട്ടിംഗ് ഏജൻസികളോടും ചേർന്നുള്ള ഗൂഢലക്ഷ്യവും ഉണ്ടോയെന്ന് സംശയിക്കണം - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


വാർത്താ ഉറവിടത്തെ മാത്രം ആശ്രയിച്ച് പടച്ചതാണ് വാർത്തയെങ്കിൽ, ഉറവിടത്തിൽ നിന്നുള്ള വിവരങ്ങളുടെ ആധികാരികത പരിശോധിക്കാതെ വാർത്ത പ്രസിദ്ധീകരിച്ചത് കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റം അറിയുന്ന അക്കാദമിക് ലോകത്തെയും വിദ്യാർത്ഥികളെയും അവഹേളിക്കലാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ, പ്രത്യേകിച്ചും സർവ്വകലാശാലകളെ വെടക്കാക്കി തനിക്കാക്കാനുള്ള ആസൂത്രിതപരിശ്രമത്തിൽ പങ്കാളിയാവുന്നവർ അവരെ സ്വയം വെളിപ്പെടുത്തുന്നുണ്ടെന്നും ഓർത്താൽ നല്ലത് - മന്ത്രി വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like