ശിശുദിനത്തിലെങ്കിലും നീതി ലഭിക്കുമോ?

മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. 

പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസീക്യൂഷന്‍ വാദിച്ചു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി ഇന്ന് കോടതിയില്‍ ആവര്‍ത്തിച്ചു. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളില്‍ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളില്‍ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകള്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉള്ളതിനാല്‍ 13 വകുപ്പുകളില്‍ ആണ് ശിക്ഷ വിധിക്കുക.

ഇന്ന് പ്രതിയുടെ മാനസിക നില പരിശോധിച്ച് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസില്‍ സ്വതന്ത്ര ഏജന്‍സി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 27 വയസാണ് അസഫാക് ആലത്തിന്റെ പ്രായം.

ഉച്ചയ്ക്കുശേഷം വാദം പുനരാരംഭിച്ചപ്പോഴും പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ശക്തമായ നിലപാടാണ് എടുത്തത്. കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കിയത്. ഓരോ അമ്മമാരും ഈ സംഭവത്തിന് ശേഷം ഭീതിയിലാണ്. കുട്ടികള്‍ വീടിന് പുറത്ത് ഇറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാന്‍ ഉള്ള സാഹചര്യം ഈ കൃത്യത്തിലൂടെ പ്രതി ഇല്ലാതാക്കി. വീട്ടില്‍ അടച്ചിട്ടു വളരുന്ന ഒരു കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകും? മഞ്ചേരിയില്‍ മകളെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ അച്ഛന്‍ വെടിവെച്ചു കൊന്നത് പ്രതിക്ക് കൃത്യമായി ശിക്ഷ ലഭിക്കാതിരുന്നത് കൊണ്ടാണ്. കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നല്‍കാതിരുന്നാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Author
Journalist

Dency Dominic

No description...

You May Also Like