സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ല: പ്രിയങ്കാഗാന്ധി എം പി.
- Posted on March 28, 2025
- News
- By Goutham prakash
- 102 Views
മീനങ്ങാടി:( വയനാട് ) സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ലെന്ന് പ്രിയങ്കാഗാന്ധി എം പി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതകര്‍മ്മസേന, ആശാവര്‍ക്കര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ജാഗ്രതാസമിതി അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന, വനിതാ എസ് ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ സി ഡി എസുമാര്‍ എന്നിവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായാണ് വനിതാസംഗമവും വിവിധമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ ഒരുമിച്ച് നിന്ന് പോരാടണമെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഒരു ശക്തിക്കും മുന്നോട്ടുപോകാനാവില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം എന്തെങ്കിലും സൗജന്യം വെച്ചുനീട്ടുമ്പോള്‍ അത് തിരിച്ചറിയാന്‍ സാധിക്കണം. നിങ്ങളെപ്പോഴെങ്കിലും ഭയക്കുന്നുവെങ്കില്‍, തളരുന്നുവെങ്കില്‍ നിങ്ങളെക്കാള്‍ ശക്തി ആര്‍ക്കുമില്ലെന്ന് തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകള്‍ വിജയം നേടുമ്പോള്‍ അത് എളുപ്പവഴിയിലൂടെ ആര്‍ജിക്കുന്നതല്ല, മറിച്ച് കരുത്തോടെ പോരാടി നേടുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ സ്ത്രീകള്‍ക്കും അഭിമാനത്തോടെ മുന്നോട്ടുപോകാനാവണമെന്നും എം പി പറഞ്ഞു. സ്ത്രീകളാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ ചാലക ശക്തി. പുറത്തുപോയി ജോലി ചെയ്തുവന്നതിന് ശേഷം വീട്ടിലും അവര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ, ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം നോക്കിയ ശേഷമാണ് അവള്‍ക്ക് ഉറങ്ങാനാകുക. സ്ത്രീകള്‍ അവരുടെ മൂല്യത്തെ തിരിച്ചറിയണം. എല്ലാ കുടുംബങ്ങളിലും അമ്പത് ശതമാനത്തിന് മുകളില്‍ സ്ത്രീകളാണ്. സ്ത്രീ ശക്തി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ആ മൂല്യം തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. യു പിയില്‍ 'ഞാന്‍ സ്ത്രീയാണ് എനിക്ക് പോരാടാന്‍ കഴിയും' എന്ന സന്ദേശവുമായി പ്രചാരണം നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പ് പത്രികയിറക്കി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിരുന്നു അത്. നാല്‍പ്പത് ശതമാനം സ്ത്രീ സ്ഥാനാര്‍ഥികളായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അവരെ കണ്ടെത്തി, അവര്‍ ശക്തരായിരുന്നു. എല്ലാവരും കരുത്തോടെ ആ തെരഞ്ഞെടുപ്പില്‍ പോരാടി. ഒരാളൊഴിച്ച് മറ്റെല്ലാവരും പരാജയപ്പെട്ടു. ആ പരാജയം ഒരു പ്രശ്നമേ ആയിരുന്നില്ല. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളും, രാഷ്ട്രീയപാര്‍ട്ടികളും ആ സ്ത്രീകളുടെ പോരാട്ടത്തെ ശ്രദ്ധിച്ചു. അതിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ ബി ജെ പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീകള്‍ക്കായി പ്രകടനപത്രികയിറക്കുന്നത് കണ്ടു. പരാജയപ്പെട്ടെങ്കിലും സ്ത്രീകളുടെ ശക്തി കാണാതെ മുന്നോട്ടുപോകാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞ പോരാട്ടമായിരുന്നു അതെന്നും പ്രിയങ്ക പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, അഡ്വ. സിദ്ധിഖ് എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, വൈസ് പ്രസിഡന്റ് കെ പി നുസ്റത്ത്, ബേബി വര്‍ഗീസ്, ഉഷാ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി അഫ്സത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 94-മത്തെ വയസില്‍ നാലാംതരം തുല്യതാപരീക്ഷ പാസായ ഉണ്ണിയാത്തയെ ഉള്‍പ്പെടെ ആദരിച്ചു.
