പക്ഷിപ്പനി-വിദഗ്ധ സംഘം രോഗബാധിത പ്രദേശങ്ങളിൽ പഠനം നടത്തും
- Posted on June 25, 2024
- News
- By Arpana S Prasad
- 277 Views
പക്ഷിപ്പനി രോഗബാധയെക്കുറിച്ച് പഠിക്കുവാൻ നിയോഗിച്ച വിദഗ്ധ സംഘം 26നു പത്തനംതിട്ട ,കോട്ടയം ജില്ലകളിലും 27 നു ആലപ്പുഴയിലും സന്ദർശനം നടത്തും
സി.ഡി. സുനീഷ്
പക്ഷിപ്പനി രോഗബാധയെക്കുറിച്ച് പഠിക്കുവാൻ നിയോഗിച്ച വിദഗ്ധ സംഘം 26നു പത്തനംതിട്ട ,കോട്ടയം ജില്ലകളിലും 27 നു ആലപ്പുഴയിലും സന്ദർശനം നടത്തും. രോഗ ബാധിത പ്രദേശങ്ങളിലെ കർഷകരുമായും പൊതുജനങ്ങളുമായും മൃഗസംരക്ഷണവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജില്ലാതല ഉദ്യോഗസ്ഥരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ചർച്ച നടത്തി സ്ഥിതി ഗതികൾ വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ രോഗബാധയുടെ വ്യാപനത്തിനുള്ള കാരണങ്ങൾ കണ്ടെത്തുവാനും പരിശോധനകൾ പൂർത്തിയാക്കി 2 ആഴ്ചക്കുള്ളിൽ ഉടനടി നടത്തേണ്ട രോഗ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിന് നൽകും . സർക്കാർ നൽകിയിട്ടുള്ള ടേംസ് ഓഫ് റഫറൻസ് പ്രകാരം തയ്യാറാക്കിയ പ്രവർത്തന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് സംഘം പഠനം നടത്തുന്നത്. വെറ്ററിനറി സർവ്വകലാശാലയിലെ വിദഗ്ധരും പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ വിദഗ്ധരും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലാബിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പഠന സംഘം . പഠന റിപ്പോർട്ട് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയും ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പിഡെമോളജി ആൻഡ് ഡിസീസ് ഇൻഫോർമാറ്റിക്സിലേയും വിദഗദ്ധരുടെ മേൽ നോട്ടവും പഠനത്തിൽ ഉണ്ടാകും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
നാളിതുവരെ ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള 32 പ്രഭവ കേന്ദ്രങ്ങളിലായി 32304 പക്ഷികൾ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.
പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മൂന്ന് ജില്ലകളിലെ 114789 പക്ഷികളെ കൾ ചെയ്യുകയും 16115 മുട്ടകളും 17092 കിലോഗ്രാം തീറ്റയും നശിപ്പിച്ചിട്ടുണ്ട്.
നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948 താറാവുകളെയും കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്കരിക്കേണ്ടി വരികയും ചെയ്തു. കഴിഞ്ഞ ദിവസം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ 12420 പക്ഷികളെ പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി കൾ ചെയ്തു സംസ്കരിക്കേണ്ടി വരും.

