മസ്തിഷ്ക മരണ സ്ഥിരീകരണം: ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകി.
- Posted on June 14, 2025
- News
- By Goutham prakash
- 124 Views
 
                                                    സ്വന്തം ലേഖിക.
തിരുവനന്തപുരം: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ കാര്യങ്ങളിൽ സർക്കാർ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പരിശീലന പരിപാടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
മസ്തിഷ്ക മരണം നിർണ്ണയിക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ, സാങ്കേതികതകൾ, നിയമപരമായ ചട്ടക്കൂടുകൾ എന്നിവയിൽ ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ജനറൽ മെഡിസിൻ, അനസ്തേഷ്യ, ജനറൽ സർജറി, പൾമനോളജി എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കുമാണ് പരിശീലനം നൽകിയത്.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ സഹായങ്ങൾക്കും കെ-സോട്ടോയുടെ ലീഗൽ കൗൺസൽ ലഭ്യമാണെന്ന് ഡിഎം ഇ ഡോ കെ.വി. വിശ്വനാഥൻ അറിയിച്ചു. കേരളത്തിലെ മനുഷ്യ അവയവ മാറ്റിവയ്ക്കൽ നിയന്ത്രിക്കുന്നതിനുള്ള ഒരു റെഗുലേറ്ററി സ്ഥാപനമെന്ന നിലയിൽ കെ-സോട്ടോയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമോപദേശങ്ങൾ നൽകുന്നതിനായാണ് സർക്കാർ ഒരു നിയമോപദേശകനെ നിയമിച്ചിട്ടുള്ളത്. കെ -സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ എസ് എസ് നോബിൾ ഗ്രേഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവരും പരിപാടിയിൽ സംസാരിച്ചു.
പരിശീലന പരിപാടിയിൽ പ്രമുഖ ഡോക്ടർമാർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ പി ചിത്ര 'ബ്രെയിൻ സ്റ്റെം റിഫ്ലെക്സുകൾ' എന്ന വിഷയത്തിലും,
ക്രിട്ടിക്കൽ കെയർ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ അനിൽ സത്യദാസ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ആവശ്യകതകളെക്കുറിച്ചും ആപ്നിയ പരിശോധനയെക്കുറിച്ചും വിശദീകരിച്ചു.ന്യൂറോ സർജറി പ്രൊഫസറും മേധാവിയുമായ ഡോ ബിജു ഭദ്രൻ മസ്തിഷ്ക മരണത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും ഫോറൻസിക് മെഡിസിൻ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ ധന്യ രവീന്ദ്രൻ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങളും രേഖപ്പെടുത്തേണ്ട കാര്യങ്ങളും വിശദീകരിച്ചു.
മസ്തിഷ്ക മരണത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും അതിന്റെ നിർണ്ണയത്തിലുള്ള വ്യക്തതയും വർധിപ്പിക്കുക വഴി, കൂടുതൽ അവയവദാനങ്ങൾ സംസ്ഥാനത്ത് സാധ്യമാക്കാനും അതുവഴി നിരവധി പേരുടെ ജീവൻ രക്ഷിക്കാനും ഈ പരിശീലന പരിപാടിയിലൂടെ സാധിക്കുമെന്നാണ് കെ-സോട്ടോ ലക്ഷ്യമിടുന്നത്.
ചിത്രം: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കുള്ള പരിശീലനം മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയുന്നു

 
                                                                     
                                