*ഗുരുവായൂർ ആനക്കോട്ട: നഷ്ടമാകുന്നൊരു സംരക്ഷണ മാതൃകയുടെ ശേഷിപ്പായോ*
- Posted on June 15, 2026
- News
- By Goutham prakash
- 27 Views
തൃശൂർ:
ആനക്കോട്ടയെന്ന് കേട്ടാൽ പുന്നത്തൂർ ആനക്കോട്ടയാണ് പക്ഷേ ഈ ആന കോട്ട ഇന്ന് ആനകളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമല്ലാതെയായി മാറുകയാണോ എന്നാശങ്കയല്ല യാഥാർത്ഥ്യമാണെന്ന് ആന കോട്ട സന്ദർശിച്ചാൽ ബോധ്യമാകും. ക്ഷേത്രസംസ്കാരത്തിലും സാംസ്കാരിക പൈതൃകത്തിലും ആനകൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്. ആ പാരമ്പര്യത്തിന്റെ പ്രതീകങ്ങളിലൊന്നായ ഗുരുവായൂരിലെ പുന്നത്തൂർ ആനക്കോട്ട ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ആനസങ്കേതങ്ങളിലൊന്നായ ആനക്കോട്ടയുടെ നിലവിലെ സാഹചര്യവും ആനകളുടെ ക്ഷേമവും സംബന്ധിച്ച ആശങ്കകളാണ് ഉയരുന്നത്.
ഒരു കാലത്ത് 18.5 ഏക്കർ വിസ്തൃതിയുള്ള പുന്നത്തൂർ ആനക്കോട്ടയിൽ 77 ഓളം ആനകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ എണ്ണം ഏകദേശം 34 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഈ കുറവും സമീപകാലത്ത് നിരവധി ആനകൾ ചത്ത സംഭവങ്ങളും ആനപ്രേമികളുടെയും വിദഗ്ധരുടെയും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ആനകളുടെ ആരോഗ്യസ്ഥിതിയും ജീവിതസാഹചര്യങ്ങളുമാണ് പ്രധാന ആശങ്കയായി ഉയരുന്നത്. ദീർഘനേരം ചങ്ങലയിൽ ബന്ധിച്ചുനിർത്തുന്നത് ശരീരഭാരം വർധിക്കാനും ദ്രവാംശം കെട്ടിക്കിടക്കാനും മാനസിക സമ്മർദ്ദം ഉണ്ടാകാനും കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് കാലുകളെ ബാധിക്കുന്ന രോഗങ്ങൾ ഗുരുതര പ്രശ്നമായി മാറിയിട്ടുണ്ട്.
ചെളിനിറഞ്ഞതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ ദീർഘനേരം നിൽക്കേണ്ടിവരുന്നത് കാലിലെ അൾസറുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ആനകളുടെ ദീർഘകാല ക്ഷേമം ഉറപ്പാക്കുന്നതിനായി കൂടുതൽ വിശാലമായ ആവാസവ്യവസ്ഥ ഒരുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 100 ഏക്കർ വിസ്തൃതിയുള്ള പുതിയ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഭാവിയിൽ ഇത് 130 ഏക്കർ വരെ വികസിപ്പിക്കാനാകുന്ന സമഗ്ര പദ്ധതി പരിഗണനയിലാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി ശാസ്ത്രീയ ചികിത്സാ സംവിധാനങ്ങളും ദീർഘകാല നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് മുൻ മാനേജർമാരും വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പ്രശസ്ത വന്യജീവി വെറ്ററിനറി വിദഗ്ധനായ ഡോ. അരുണ്‍ സക്കറിയ ഉടൻ ആനക്കോട്ട സന്ദർശിച്ച് ആനകളുടെ ആരോഗ്യനില വിലയിരുത്തുമെന്നും ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു.
കേരളത്തിന്റെ ആനപൈതൃകത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന പുന്നത്തൂർ ആനക്കോട്ട ഭാവിയിലും മാതൃകാപരമായ സംരക്ഷണകേന്ദ്രമായി തുടരണമെങ്കിൽ അടിയന്തര ഇടപെടലുകളും ശാസ്ത്രീയമായ പരിപാലനവും അനിവാര്യമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
