ഒരു മഴ മതി തിരുവനന്തപുരം മുങ്ങാൻ!
- Posted on November 23, 2023
- Localnews
- By Dency Dominic
- 232 Views
നാട്ടുകാർ നിരവധി തവണ കോർപ്പറേഷൻ അധികൃതരെ അറിയിച്ചിട്ടും നാളിതുവരെ ഒരു ചെറിയ നടപടി പോലും ഉണ്ടായില്ല
ഒരൊറ്റ മഴയിൽ മുങ്ങുകയാണ് തലസ്ഥാനനഗരി. കനത്ത മഴയിൽ തിരുവനന്തപുരത്തു നഗരത്തിൽ വെള്ളം കയറുന്നത് പതിവ് കാഴ്ചയായിരിക്കുന്നു.
നഗരത്തിൽ പാളയത്ത് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് പോകുന്ന വഴിയായ മുളവന, ഗൗരീശപട്ടം, മുറിഞ്ഞ പാലം ഭാഗങ്ങളിൽ എല്ലാം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെയ്ത മഴയിൽ വീണ്ടും വെള്ളം കയറി...
വൈകുന്നേരം പെയ്ത് തുടങ്ങിയ മഴ രാത്രിയിലും തുടർന്നപ്പോൾ നഗരത്തിലെ പാർവ്വതി പുത്തൻ ആറിന്റെ കൈവഴികൾ ആയ കണ്ണമ്മൂല തോട് നിറയുകയായിരുന്നു. നഗരത്തിലെ ഏറ്റവും പ്രമുഖ ആശുപത്രിയായ കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെ താഴത്തെ നിലയിൽ വരെ വെള്ളം കയറി.
നഗരത്തിലെ ഓടകളുടെ കാര്യക്ഷമതയില്ലായ്‌മ വളരെ പ്രകടമാണ്. സമീപ പ്രദേശങ്ങളിലെ നാട്ടുകാർ നിരവധി തവണ കോർപ്പറേഷൻ അധികൃതരെ അറിയിച്ചിട്ടും നാളിതുവരെ ഒരു ചെറിയ നടപടി പോലും ഉണ്ടായില്ല. ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരോ, ഉദ്യോഗസ്ഥരോ ഈ പ്രശ്നത്തിൽ നാളിതു വരെ ഒരു പ്രശ്നപരിഹാരത്തിന് നടപടി എടുത്തിട്ടില്ല. ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിൻ തുമ്പിലാണ് ജനങ്ങൾ, ഒരു മഴ പെയ്യുമ്പോഴേക്കും വെള്ളം പൊക്കത്തിൽ കഷ്ടപ്പെടുന്നത്.