ഐസിസിആർ ക്വാഡ് സ്റ്റെം ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട എട്ട് ഇന്ത്യൻ സ്ഥാപനങ്ങളിൽ കുസാറ്റും.
- Posted on April 12, 2025
- News
- By Goutham prakash
- 100 Views
2025-ലെ ഐസിസിആർ ക്വാഡ് സ്റ്റെം ഫെലോഷിപ്പ് ജേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞടുക്കപ്പെട്ട 8 ഇന്ത്യൻ സ്ഥാപനങ്ങളിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇടംനേടി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് (ICCR) നൽകുന്ന ഫെലോഷിപ്പ് 40 ഇന്തേ-പസഫിക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ബിരുദ പഠനത്തിനായാണ് നൽകുന്നത്.
ഐ.സി.സി.ആർ ക്വാഡ് പദ്ധതിയുടെ ഭാഗമായി സിംഗപ്പൂർ, വിയറ്റ്നാം, തായ്‌ലൻഡ്, എത്യോപ്യ, ഫിലിപ്പൈൻസ്, ഫിജി, ഉഗാണ്ട, മോസാംബിക്, മലേഷ്യ എന്നിവയുള്‍പ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളിൽ നാല് വർഷം ദൈർഘ്യമുള്ള ബി.ടെക്. (അണ്ടർഗ്രാജുവേറ്റ് എഞ്ചിനീയറിങ്) പ്രോഗ്രാമുകൾ അഭ്യസിക്കാം. എൻ.ഐ.ടി വരംഗൽ, എൻഐടി തിരുച്ചിറപ്പള്ളി, ഡെൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, അണ്ണാ യൂണിവേഴ്സിറ്റി എന്നിവയോടെപ്പമാണ് കുസാറ്റും തിരഞ്ഞെടുക്കപ്പട്ടത്.
ഇന്‍ഡോ-പസഫിക് മേഖലയിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഗവൺമെന്റ് ഫണ്ടുചെയ്യുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ പഠിക്കാൻ സഹായം നൽകി ആഗോള STEM വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ നയതന്ത്രം വികസിപ്പിക്കുകയുമാണ് ഐ.സി.സി.ആർ ക്വാഡ് സ്റ്റെം സ്‌കോളർഷിപ്പുകളുടെ പ്രധാന ലക്ഷ്യം.
ഈ പട്ടികയിൽ കുസാറ്റ് ഉൾപ്പെടുന്നത് സർവകലാശാലയുടെ ആഗോള മുന്നേറ്റത്തിൻറെ സുപ്രധാന നാഴികക്കല്ലാണ്. കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിച്ച്, ആഗോള അക്കാദമിക് മേന്മ മെച്ചപ്പെടുത്താനുള്ള സർവകലാശാലയുടെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജം പകരുന്ന നേട്ടമാണിത്. ശാസ്ത്ര-സാങ്കേതിക സാംസ്‌കാരിക കൈമാറ്റ മേഖലകളിൽ സർവകലാശാലയ്ക്ക് മുന്നേറ്റമുണ്ടാക്കാനും ഈ അവസരം പ്രയോജനപ്പെടും.
