കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയ്ക്ക് സമാപനം;
- Posted on March 24, 2025
- News
- By Goutham Krishna
- 38 Views
24 കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്-ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെ 24 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. മുപ്പതോളം നിക്ഷേപക ചര്‍ച്ചകള്‍ക്കും ബിസിനസിലേക്ക് എത്തിച്ചേക്കാവുന്ന നൂറോളം ചര്‍ച്ചകള്‍ക്കും എക്സ്പോ വേദിയായി.
ആല്‍ഫാഗീക്ക് എന്‍റര്‍പ്രൈസസ്, ഇങ്കര്‍ റോബോട്ടിക്സ്, ഫ്യൂസലേജ് ഇന്നൊവേഷന്‍സ്, ഫ്ലെക്സിക്ലൗഡ് ഇന്‍റര്‍നെറ്റ്, സി-ഡിസ്ക് ടെക്നോളജീസ്, ആര്‍ക്കെല്ലിസ്, ടെക്ജീനിയസ് ഇന്നൊവേഷന്‍സ്, ഓട്ടോഹോം ഓട്ടോമേഷന്‍സ്, കാറ്റലൈക്ക, മോജ് ജെനി ഐടി സൊല്യൂഷന്‍സ്, കലാസംഹിത ക്രിയേറ്റീവ് അക്കാദമിയുടെ ലേണ്‍വിയ, ലുക്ക ഹെല്‍ത്ത്കെയര്‍, നെല്ലിക്ക കംപ്ലീറ്റ് സൊല്യൂഷന്‍, ക്ലൗഡ് പോസിറ്റീവ്, ഇന്‍റ്പര്‍പ്പിള്‍ ടെക്നോളജീസ്, ഡെയ്ല്‍ വിഹാരി ട്രിപ്സ്, ബ്ലെന്‍ഡ്-എഡ്, എക്സ്പെവോ ഡിജിറ്റല്‍, ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍, എയറോമാന്‍ ടെക്നോളജീസ്, പാന്‍ലിസ് നാനോടെക്, റിസ്ക്നോക്സ്. എഐ, ട്രിക്റ്റ ടെക്നോളജീസ്, വൈറ്റ് മെട്രിക്സ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് എക്സ്പോയില്‍ പങ്കെടുത്തത്.
മാര്‍ച്ച് 19 മുതല്‍ 21 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാന്‍ ഭാരത് മണ്ഡപത്തില്‍ നടന്ന എക്സ്പോയുടെ 32-ാമത് പതിപ്പാണിത്. എക്സിബിഷന്‍സ് ഇന്ത്യ ഗ്രൂപ്പ് (ഇഐജി), ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) എന്നിവ സംയുക്തമായാണ് എക്സ്പോ സംഘടിപ്പിച്ചത്.
കണ്‍വര്‍ജന്‍സ് ഇന്ത്യ 2025 ലെ സ്റ്റാര്‍ട്ടപ്പ് പിച്ച് ഹബില്‍ കേരളത്തില്‍ നിന്നുള്ള 'ഫ്യൂസ് ലേജ് ഇന്നവേഷന്‍സ്' ഒന്നാമതെത്തി. സ്റ്റാര്‍ട്ടപ്പ് പിച്ച് ഹബിന്‍റെ അവസാന റൗണ്ടിലെത്തിയ സ്റ്റാര്‍ട്ടപ്പുകളില്‍ നാലെണ്ണം കേരളത്തില്‍ നിന്നെന്നതും ശ്രദ്ധേയമായി.
'മോജ് ജീനി ഐടി സൊല്യൂഷന്‍സ്' സ്റ്റാര്‍ട്ടപ്പ് ഒരു അന്താരാഷ്ട്ര ഉച്ചകോടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ തുടങ്ങി.
'സീഡിസ് ടെക് നോളജീസ്' സ്റ്റാര്‍ട്ടപ്പ് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനുമായി ചേര്‍ന്ന് വിപണി വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് എക്സ്പോയില്‍ തുടക്കം കുറിച്ചു. കേരളത്തിന് പുറത്തുനിന്ന് എത്തിയ സംസ്ഥാന പ്രതിനിധികളോടൊപ്പം രാജ്യാന്തര പ്രതിനിധികളും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ സേവന, ഉത്പന്നങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുകയും സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുകയും ചെയ്തു.
50,000 ത്തിലധികം വ്യവസായ സന്ദര്‍ശകര്‍, 1200 ബ്രാന്‍ഡുകള്‍, 40 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ എന്നിവര്‍ എക്സ്പോയില്‍ പങ്കെടുത്തു. ഐടി, ഐസിടി, ബ്രോഡ് കാസ്റ്റ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഫിന്‍ടെക്, എംബെഡഡ് ടെക്നോളജി തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകള്‍, ഡിജിറ്റല്‍ ട്രെയില്‍ ബ്ലേസര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുടെ ഒത്തുചേരലിനും കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ വേദിയായി.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുമുള്ള മികച്ച പ്ലാറ്റ് ഫോമുകളിലൊന്നാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. വിവര സാങ്കേതികവിദ്യാ വ്യവസായമേഖലയിലെ (ഐസിടി) ഏറ്റവും പുതിയ ഉല്പന്നങ്ങളും ആശയങ്ങളും ഒരുമിച്ച് കൊണ്ടുവരാന്‍ എക്സ്പോ സഹായകമായി.
സാമ്പത്തിക സഹായവും പിന്തുണയും നല്‍കാന്‍ കഴിയുന്ന നിക്ഷേപകര്‍, വ്യവസായികള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിച്ചു. ഐസിടി വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യകളും അടുത്തറിയാനും 5 ജി, നിര്‍മ്മിതബുദ്ധി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാനുമുള്ള മികച്ച വേദികളിലൊന്നാണ് എക്സ്പോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ പ്രവണതകളെയും മികച്ച സമ്പ്രദായങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.