വയനാട് ദുരന്തം മരണസംഖ്യ 70 ആയി: പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനം ദുഷ്കരമാക്കുന്നു

കേട്ടുനിൽക്കാൻ കഴിയാത്ത അനുഭവങ്ങളും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകളുമാണ് വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും പുറത്ത് വരുന്നത്. 

സി.ഡി. സുനീഷ്

വയനാട് ഉരുൾ പൊട്ടൽ മരണം ഏഴുപതായി, ദുരന്തത്തിന്റെ രക്ഷാപ്രവർത്തനം പ്രതികൂലാവസ്ഥ മൂലം കൂടുതൽ ദുഷ്കരമാകുന്നു. നിസ്സഹായരായ പാവപ്പെട്ട മനുഷ്യരുടെ സുപ്നങ്ങൾ, പ്രതീക്ഷകൾ ജീവിതം എല്ലാം ദുരന്തമെടുത്തു. വയനാട് ദുരന്തത്തിന്റെ വ്യാപ്തി വിവരണാതീതമാണ്. കേട്ടുനിൽക്കാൻ കഴിയാത്ത അനുഭവങ്ങളും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകളുമാണ് വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും പുറത്ത് വരുന്നത്. 

70 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. ഉറ്റവരെ കാണാതെ വിങ്ങിപ്പൊട്ടുന്ന മനുഷ്യരെയാണ് ആശുപത്രികളിൽ കാണാൻ കഴിയുക. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. ആശുപത്രിയിൽ നിരത്തിക്കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്ന ചിലർ. കാണാതായ പ്രിയപ്പെട്ടവർ ആശുപത്രിയിലെത്തിയിട്ടുണ്ടോ എന്ന് തെരയുന്ന മറ്റ് ചിലർ. ദുരിതക്കാഴ്ചകളാണ് വയനാട്ടിലെ ദുരന്തഭൂമിയിലും ആശുപത്രികളിലും. 

മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു ചിലർ. മുണ്ടക്കൈ ഭാ​ഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ. രാത്രി ഒരു മണിക്ക് ശേഷമാണ് ​ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ‌ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയുമെത്തുമെന്ന് അറിയിപ്പുണ്ട്. ഇതുവരെ 70 പേരാണ് മരിച്ചതായി സ്ഥിരീകരണം വന്നിരിക്കുന്നത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാദൌത്യം സജീവമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നുണ്ട്.

മരിച്ച 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെൽത്ത് സെന്റർ (32),  വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂർ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്. മുണ്ടക്കൈയിലെ ഭൂരിഭാ​ഗം വീടുകളും ഒലിച്ചു പോയിരിക്കുകയാണ്. അട്ടമല, ചൂരൽമല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്.


Author
Journalist

Arpana S Prasad

No description...

You May Also Like