ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി ഉടന്‍ തുടങ്ങും - മന്ത്രി.

കൽപ്പറ്റ: സി- ഡാക്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി ജില്ലയില്‍ ഉടന്‍ തുടങ്ങുമെന്ന്  പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പട്ടിക വര്‍ഗ്ഗക്കാരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനും ഗുണപരമായ മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം.  ഇതിന്റെ ഭാഗമായി ആദിവാസി ഊരുകളിലെ  സാമൂഹ്യ പഠന മുറികളില്‍ ഉയര്‍ന്ന നിലവാരത്തിലുളള നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി സൗകര്യവും സ്റ്റുഡിയോ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും  പുരോഗമിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലാണ് സ്റ്റുഡിയോ സ്ഥാപിക്കാന്‍ കെട്ടിടം കണ്ടെത്തിയിട്ടുളളത്.  കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് കോടിയോളം രൂപ പദ്ധതിക്കായി ചെലവിടും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹായകരമാകുന്ന സംവിധാനങ്ങള്‍ സാമൂഹ്യ പഠന കേന്ദ്രങ്ങളില്‍ ഒരുക്കുന്നുണ്ട്.  തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണവും വിവിധോദേശ്യ പദ്ധതിക്കുണ്ട്. സാമൂഹ്യ പഠന മുറികളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐസിടി എനേബിള്‍ഡ് കമ്മ്യൂണിറ്റി സെന്റര്‍ നിലവാരത്തിലേക്ക് മാറ്റുന്നതോടെ ടെലി - എജ്യുക്കേഷന്‍, ഇ - ലിറ്ററസി സൗകര്യങ്ങള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. പട്ടിക വര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്‌ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികില്‍സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന്‍ സംവിധാനവും ഊരുകളില്‍ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നുള്ള പരിശീലനം നേടിയ നേഴ്‌സുമാരുടെ നേതൃത്വത്തിലാണ് സേവനങ്ങള്‍ നല്‍കുക. ഇവര്‍ ഊരുകളിലെത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗനിര്‍ണയം നടത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. പദ്ധതി ആദിവാസി ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതിയ്ക്കും ഉന്നതിക്കും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.  അവലോകന യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ. ഗീത, സി - ഡാക്ക് ജോയിന്റ് ഡയറക്ടര്‍മാരായ എന്‍.ബി ബൈജു, ടി.ജെ. ബിനു എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Goutham prakash

No description...

You May Also Like