ഭക്ഷ്യ പോഷക സുരക്ഷയും ശുചിത്വ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താൻ കുടുംബശ്രീ

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ & സാനിട്ടേഷന്‍) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം ഏകോപിതവും ഫലപ്രദവുമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി  എഫ്.എന്‍.എച്ച്.ഡബ്ളിയു സ്റ്റേറ്റ് കോര്‍ കമ്മിറ്റി യോഗം 16-ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു.


 വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തിയും ആരോഗ്യ-പോഷക ഇടപെടലുകള്‍ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു പോകുന്നതിനും  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനമായി.  


പദ്ധതിയുടെ സംസ്ഥാന ജില്ലാ ബ്ളോക്ക്തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുമായുള്ള സംയോജിത പ്രവര്‍ത്തനം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് സ്റ്റേറ്റ് കോര്‍ കമ്മിറ്റിയുടെ രൂപീകരണം.

കൂടുതല്‍ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി സ്റ്റേറ്റ് കോര്‍ കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കുന്നതോടൊപ്പം എല്ലാ ജില്ലകളിലും എഫ്.എന്‍.എച്ച്.ഡബ്ളിയു കോര്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 


ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും സഹകരണത്തോടെ സംസ്ഥാനത്ത് 14 ജില്ലകളിലെ 28 ഇമേര്‍ഷന്‍ സൈറ്റ് ബ്ളോക്കുകളില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാന്‍സര്‍ സ്ക്രീനിങ്ങ്, അനീമിയ പരിശോധന, സാംക്രമികേതര രോഗങ്ങളുടെ പ്രാഥമിക പരിശോധന, നേത്ര പരിശോധന എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.  


ഭക്ഷ്യ പോഷക സുരക്ഷയും (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) ശുചിത്വവുമായി ബന്ധപ്പെട്ട ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് പോഷകാഹാരം, ആരോഗ്യ സംരക്ഷണം, ശുചിത്വം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നിന് സ്റ്റേറ്റ് കോര്‍ കമ്മിറ്റി രൂപീകരണം സഹായകമാകും. മികച്ച പ്രവര്‍ത്തന മാതൃകകള്‍ പ്രചരിപ്പിക്കുന്നതിനും കാര്യശേഷി വികസന പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കമ്മിറ്റി നേതൃത്വം നല്‍കും.


കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരിയാണ്  സ്റ്റേറ്റ് കോര്‍ കമ്മിറ്റി അധ്യക്ഷ.  കുടുംബശ്രീ,  ആരോഗ്യ കുടുംബക്ഷേമം,  പൊതുവിദ്യാഭ്യാസം, സാമൂഹ്യനീതി, പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ 25 പേര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

 

സ്റ്റേറ്റ് കോർ കമ്മിറ്റിയിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍, വനിതാ ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമം, പൊതുവിദ്യാഭ്യാസ വകുപ്പുകളിലെയും നാഷണല്‍ ഹോല്‍ത്ത് മിഷനിലെയും പ്രതിനിധികള്‍ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like