ആരാണ് കുട്ടികളെ സംരക്ഷിക്കേണ്ടത്?

ഈ വർഷം സെപ്റ്റംബർ വരെ കേരളത്തിൽ നിന്നും 115 കേസുകൾ കുട്ടികളെ കാണാത്തതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്

 'അവനവന്റെ രോമത്തിൽ തൊടുമ്പോഴാണ് വേദനിക്കുക' എന്നൊരു നാടൻ പറച്ചിലുണ്ട്. എങ്കിലും ഒരു നാടുമുഴുവൻ വേദനിക്കുന്നത് കഴിഞ്ഞദിവസം കണ്ടു. കൊല്ലത്തുനിന്നും കാണാതായ അബിഗേൽ സാറ എത്ര പെട്ടെന്നാണ് ഒരു നാടിന്റെ മുഴുവൻ മകളായത്. എന്നാൽ നമ്മൾ അറിയാത്ത എത്രയധികം കുട്ടികളാണ് ഇനിയും കാണാമറയത്തുള്ളത്. ഈ വർഷം സെപ്റ്റംബർ വരെ കേരളത്തിൽ നിന്നും 115 കേസുകൾ കുട്ടികളെ കാണാത്തതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, പ്രലോഭിക്കപ്പെട്ട് മറ്റുള്ളവർക്കൊപ്പം പോകുന്നതും ഉൾപ്പെടുന്നു.

 കഴിഞ്ഞദിവസം  ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത, എസ് യു അരുൺകുമാർ സംവിധാനം ചെയ്ത 'ചിറ്റ' എന്ന സിനിമ ഇത്തരം സംഭവങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കുട്ടികളെ നമുക്ക് നഷ്ടമാവുന്നത്, അവർ ഇരകളാക്കപ്പെടുന്നത്. കുട്ടികൾ വീടിനകത്തോ പുറത്തോ ആകട്ടെ, അത്ര സുരക്ഷിതരല്ല എന്ന് ഓരോ ദിവസം പുറത്തു വരുന്ന വാർത്തകൾ തുറന്നുകാട്ടുന്നു. അതീവ ജാഗ്രത വേണം നമ്മുടെ കുഞ്ഞുങ്ങൾക്ക് കുഞ്ഞുങ്ങളെ സ്കൂൾ , ബന്ധുവീടുകൾ, ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അയക്കുമ്പോഴും, അവരെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോഴും നാം ജാഗരൂകരായിരിക്കണം.എന്നാൽ എത്രത്തോളം സമയം എത്ര നാൾ കുഞ്ഞുങ്ങളെ നമ്മുടെ ചിറകിനടിയിൽ ഒളിപ്പിക്കാനാകും. സിനിമയിൽ നിമിഷയുടെ കഥാപാത്രം ചോദിക്കുന്നത് പോലെ "എത്ര നാൾ നിങ്ങൾ കൂട്ടിരിക്കും"?

കുട്ടികളെ സംരക്ഷിക്കാൻ അവരെത്തന്നെ മാനസികമായും ശാരീരികമായും സജ്ജരാക്കണം. ഏതൊക്കെ രീതിയിൽ അവർ ആക്രമിക്കപ്പെടാം എന്നും അത്തരം സാഹചര്യങ്ങളിൽ എങ്ങനെ സ്വയം സംരക്ഷിക്കാം എന്നും ആരെയൊക്കെ സഹായത്തിനായി സമീപിക്കാം എന്നും കുഞ്ഞുങ്ങളുടേതായ ഭാഷയിൽ അവരെ പറഞ്ഞു മനസ്സിലാക്കണം. ഇതിനെല്ലാം പുറമേ കുട്ടികൾക്ക് വേണ്ടിയുള്ള സംരക്ഷണവും അതിനായുള്ള നിയമങ്ങളും കൂടുതൽ ശക്തമാക്കണം.

 സിനിമയിലെ പോലെ ഇനിയും എത്ര കുറ്റവാളികളാണ് നിയമത്തിനെ നോക്കുകുത്തിയാക്കി ഇരുട്ടിലേക്ക് മറഞ്ഞിട്ടുണ്ടാവുക. എന്നാൽ നമ്മുടെ കുഞ്ഞുങ്ങളെ ഇപ്പോഴും ആ തിളങ്ങുന്ന കണ്ണുകൾ വീക്ഷിക്കുന്നുണ്ട്.


Author
No Image
Journalist

Dency Dominic

No description...

You May Also Like