കേരള വിദ്യാഭ്യാസ രംഗം പഠിക്കാൻ സ്വീഡിഷ് സംഘം മന്ത്രി വി. ശിവൻകുട്ടിയെ സന്ദർശിച്ചു.
- Posted on February 05, 2026
- News
- By Goutham prakash
- 100 Views
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി കേരളത്തിലെത്തിയ ലോകാധ്യാപക സംഘടനയായ എജ്യുക്കേഷൻ ഇൻ്റർനാഷനൽ, സ്വീഡിഷ് ടീച്ചേഴ്സ് യൂണിയൻ എന്നിവയുടെ നേതാക്കൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സന്ദർശിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും സംഘം മന്ത്രിയുമായി പങ്കുവെച്ചു.. ലോകാധ്യാപക സംഘടനയിൽ അംഗത്വമുള്ള കെ പി എസ് ടി എ യുടെ അതിഥികളായാണ് സംഘം എത്തിയത്. കുട്ടികളുടെ അച്ചടക്കം, സൗജന്യ വിദ്യാഭ്യാസം, ഉച്ചഭക്ഷണം, യൂണിഫോം എന്നിവ മികച്ച നേട്ടമാണെന്നും ഗണിത പഠനം നിലവാരം പുലർത്തുന്നുവെന്നും സംഘം വിലയിരുത്തി. സ്വീഡനിലെ വിരമിക്കൽ പ്രായം 67 ആണെന്നും സമാന ആയുർദൈർഘ്യമുള്ള കേരളത്തിലും വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും സർവീസിലുള്ളവർ യോഗ്യതാ പരീക്ഷ നേടണമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സംഘം അഭിപ്രായപ്പെട്ടു. അധ്യാപകർക്ക് ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുമെന്ന് സംഘം അഭിപ്രായപ്പെട്ടു..കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി ബി സുനിൽ കുമാർ, സീനിയർ വൈസ് പ്രസിഡൻ്റ് അനിൽ വെഞ്ഞാറമ്മൂട്, വൈസ് പ്രസിഡൻ്റ് സാജു ജോർജ്, എ ഐ പി ടി എഫ് പ്രൊഫഷണൽ ഡെവലപ്മെൻ്റ് പരിശീലകൻ യു കെ ബഷീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എയ്ഞ്ചല ടെഡ്, മത്യാസ് വിക്സ്റ്റോം, അയ അമീൻ, നീൽസ് എറിക്സൺ എന്നിവരാണ് സ്വീഡിഷ് ഗവേഷണ സംഘത്തിലുള്ളത്.
