ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തില്‍ (94) കാലം ചെയ്തു.
- Posted on March 18, 2023
- News
- By Goutham prakash
- 262 Views
കൊച്ചി : ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് ആയിരുന്നു. അന്ത്യം ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ പവ്വത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്റ്റ് 14ന് ജനനം. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലാണ് പ്രാഥമിക പഠനം. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച പവ്വത്തിൽ 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു.
1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി.
1977 മേയ് 12നാണ് സ്ഥാനാരോഹണം. മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം.
1993 മുതല്‍ 1996വരെ കെസിബിസി പ്രസിഡന്റും 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റും ആയിരുന്നു. 2007 മാര്‍ച്ച് 19ന് മാര്‍ ജോസഫ് പവ്വത്തില്‍ വിരമിച്ചു. മാര്‍ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇന്നുച്ചയ്ക്ക് ഒന്നരയ്ക്കാണ് ജോസഫ് പിതാവ് ആണ് കാലം ചെയ്തത്.
പ്രത്യേക ലേഖിക.
