സിനിമാ-വിനോദ മേഖലയിലെ തൊഴിലിടങ്ങളിൽ ശക്തമായ ഇടപെടൽ നടത്തും: മന്ത്രി വി ശിവൻകുട്ടി
- Posted on January 17, 2025
- News
- By Goutham prakash
- 120 Views
 
                                                    സിനിമാ- വിനോദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികളുടെ രൂപീകരണവും അവയുടെ കൃത്യവും നിഷ്പക്ഷവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സിനിമാ മേഖലയിലെ തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും വാഗ്ദാനംചെയ്യപ്പെട്ട കൂലിയും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ആവശ്യമായ സംവിധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ സിനിമാ വിനോദ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചൂഷണവും സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നതിന് സമഗ്രമായ നിയമനിർമ്മാണത്തിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി തൊഴിൽ വകുപ്പിന്റേതായി ഇടപെടലുകൾ വേണ്ടിവരുന്ന ഇടങ്ങളിൽ ശക്തമായ ഇടപെടൽ നടത്തും. തൊഴിൽ ചൂഷണം ഒഴിവാക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകും. ഇതിനു മുന്നോടിയായി സിനിമാ വിനോദ മേഖലകളിലെ സംഘടനകളുടെ പ്രതിനിധികളുടെ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരിയിൽ എറണാകുളത്ത് വച്ചാണ് ശില്പശാല സംഘടിപ്പിക്കുക. സിനിമാ വിനോദ മേഖലകളിലെ വിവിധ സംഘടനകൾ നൽകിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇത് സംബന്ധിച്ച് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന തൊഴിൽ വകുപ്പ് ഉന്നതലയോഗത്തിൽ മന്ത്രി അറിയിച്ചു.യോഗത്തിൽ തൊഴിൽവകുപ്പ് സെക്രട്ടറി ഡോ കെ വാസുകി, ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ. അഡീ ലേബർ സെക്രട്ടറി ബി പ്രീത, അഡീ. ലേബർ കമ്മിഷണർമാരായ കെ ശ്രീലാൽ , കെ എം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
സി.ഡി. സുനീഷ്

 
                                                                     
                                