വിമാനത്താവളത്തിന് സമീപം ഇറച്ചി വിൽപന പാടില്ല, 96 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനം


 സി.ഡി. സുനീഷ് 


തിരുവനന്തപുരം: വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങളെ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി. ഇറച്ചി കച്ചവടം നടത്തുന്നത് നിരോധിച്ച് കോടതി ഉത്തരവും നിലനിൽക്കുന്നതിനാൽ അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പൊലീസും ഇടപെടും. പ്രദേശത്തെ ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ളാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ അംഗനവാടിയും വായനശാലയുമടക്കം 96 കുടുംബങ്ങളെയാണ് മാറ്റുന്നത്. 12 ബ്ലോക്കുകളായി 8 യൂണിറ്റുകളിലാണ് സെന്റ് സേവ്യേഴ്സ് പള്ളിക്ക് എതിർഡവശത്തായി ഫ്ലാറ്റ് നിർമ്മിക്കുന്നത്.


പക്ഷി ശല്യം ഒഴിവാക്കാൻ ഇറച്ചി മാലിന്യ സംസ്കരണപ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതിനായി വിശദ രൂപരേഖ തയാറാക്കിയെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചില്ല. പ്ലാന്‍റ് നിർമാണം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് കുടുംബങ്ങളെ മാറ്റാനുള്ള തീരുമാനം. വിമാനത്താവളത്തിന് സമീപം ഇറച്ചി കച്ചവടവും കോഴിക്കടകളും പ്രവർത്തിക്കുന്നതും ഇവിടുത്തെ മാലിന്യവുമാണ് പക്ഷിശല്യം കൂടാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ലാൻഡിങ്ങ്, ടേക്ക്ഓഫ് സമയത്ത് വിമാനങ്ങളി‍ൽ പക്ഷി ഇടിച്ചുണ്ടായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യവുമാണ് ഉള്ളത്.  


2018 മുതൽ 2023 വരെ വിമാനത്താവളത്തിൽ പക്ഷിയുമായി കൂട്ടിയിടിച്ചത് 124 വിമാനങ്ങളാണെന്നാണ് കേന്ദ്രസർക്കാരിന്‍റെ കണക്ക്. എന്നാൽ  പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ഇതിലേറെയാണ്. ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്‍റെ കണക്കിലുൾപ്പെടുത്തുന്നത്. ലാൻഡിംഗിനായി ഇറങ്ങിയ വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസവും വിമാനം റദ്ദാക്കേണ്ടി വന്നിരുന്നു. 150 യാത്രക്കാരുമായി മസ്‌കറ്റിൽ നിന്നെത്തിയ വിമാനത്തിലാണ് പരുന്ത് ഇടിച്ചത്. എൻജിനുള്ളിലേക്ക് പരുന്ത് ഇടിച്ചുകയറിയതോടെ വിമാനത്തിന് ഉലച്ചിലുണ്ടായെങ്കിലും പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ദുരന്തമൊഴിവായി. എൻജിനുള്ളിൽ അകപ്പെട്ട പരുന്തിനെ ചതഞ്ഞരഞ്ഞ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. സാങ്കേതിക തകരാർ പരിഹരിച്ചാണ് വിമാനം പിന്നീട് സർവീസ് നടത്തിയത്. പ്രശ്നം ഗുരുതരമായി മാറിയതോടെയാണ് പക്ഷിയിടി ഒഴിവാക്കാൻ നടപടികൾ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം തന്നെ ഫ്ലാറ്റ് പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാനുള്ള നടപടികളിലാണ് തിരുവനന്തപുരം കോർപ്പറേഷൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like