നിയമതട്ടകത്തിലെ പെൺകരുത്ത് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ഫാത്തിമ ബീവിയുടെ  നിയമനം സ്ത്രീകളെ അഭിഭാഷകവൃത്തിയിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുകയുണ്ടായി

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും, തമിഴ്‌നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.  96 വയസ്സായിരുന്നു.  കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.   

1927 ഏപ്രിൽ 30 ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മൂത്ത മകളായി ജനിച്ച  ഫാത്തിമ ബീവിയെ നിയമവഴിയിലേയ്ക്ക് തിരിച്ചു വിട്ടത്, വിദ്യാഭാസത്തിന്റെയും സ്വയം പ്രാരാപ്തതയുടെയും മഹത്വം മനസിലാക്കിയ പിതാവായിരുന്നു. സ്ത്രീകൾ അടുക്കളകളിൽ മാത്രം ഒതുങ്ങി കൂടിയിരുന്ന കാലത്ത്, ശബ്ദം ഉയർത്തി സംസാരിക്കാൻ ഭയപ്പെട്ടിരുന്ന കാലത്താണ് ഫാത്തിമ ബീവി സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി  ഫാത്തിമ ബീവി ചുമതയേൽക്കുന്നത്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി അവരുടെ നിയമനം സ്ത്രീകളെ അഭിഭാഷകവൃത്തിയിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുകയുണ്ടായി. തന്റെ ജീവിത കാലം മുഴുവൻ   ലിംഗനീതിക്ക് വേണ്ടി അവർ ശബ്ദമുയർത്തി. 

1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും ജസ്റ്റിസ് ബീവി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ വിവാദങ്ങൾ അവരെ പിന്തുടർന്ന കാലഘട്ടമായിരുന്നു അത്. ഗവർണറാകാൻ തന്റെ പേര് നിർദ്ദേശിച്ച അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയെ, പിന്നീട് മുഖ്യമന്ത്രിയായ ജയലളിതയുടെ നിർദേശപ്രേകരം അറസ്ററ് ചെയ്തത് ന്യായീകരിച്ചുകൊണ്ടാണ് ഫാത്തിമ ബീവി ആ പദവിയിൽ നിന്നും രാജി വച്ചത്.

1968ൽ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ ഫാത്തിമ ബീവി, 1989 ഏപ്രിലിൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. 1989 നവംബറിൽ സുപ്രീം കോടതി ജഡ്ജിയായി. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ കബറടക്കം നടക്കും. അവിവാഹിതയാണ്.

-ഡെൻസി ഡൊമിനിക് 


Author
Journalist

Dency Dominic

No description...

You May Also Like