മാവൂരിലെ ഗ്രാംസിം ഭൂമിയിൽ ഫിലിം സിറ്റി സ്ഥാപിക്കണം :ഇപ്റ്റ
- Posted on November 19, 2023
- Localnews
- By Dency Dominic
- 178 Views
മാവൂരിൻ്റെ ഭൂതകാല പ്രതാപം തിരിച്ചുപിടിക്കാൻ ഇത്തരമൊരു സംരംഭത്തിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി
മാവൂർ: ഗ്രാംസിം വ്യവസായ ശാല നിലനിന്നിരുന്ന മാവൂരിലെ അനാഥമായ വിശാല ഭൂമിയിൽ ആധുനിക രീതിയിൽ ദേശീയ പ്രാധാന്യമുള്ള ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ - ഇപ്റ്റ - മാവൂർ മേഖല കമ്മിറ്റി രുപീകരണയോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫിലിംസിറ്റിക്ക് അനുയോജ്യമായ അനന്ത സാധ്യതയും പ്രകൃതി രമണീയതയും ഗ്രാസിം ഭൂപ്രദേശത്തിനുണ്ട്. മാവൂരിൻ്റെ ഭൂതകാല പ്രതാപം തിരിച്ചുപിടിക്കാൻ ഇത്തരമൊരു സംരംഭത്തിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി. ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. കവിയും ചിത്രകാരനുമായ ശ്രീകുമാർ മാവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത് ഇപ്റ്റയുടെ കർമ്മ പരിപാടികൾ അവതരിപ്പിച്ചു. കെ.ജി.പങ്കജാക്ഷൻ,ഇപ്റ്റ ജില്ലാസെക്രട്ടറി സി.പി.സദാനന്ദൻ, ജില്ലാഎക്സിക്യൂട്ടീവ് അംഗം രാജൻ ഫറോക്ക്, ബൈജു ഭാസ്, എം.എം.കോയ, ഗോപിനാഥൻ മാവൂർ, രതീഷ്, ദേവിക, നവനീത എം.എസ്, ശ്രീലക്ഷ്മി വി.എസ്, പാർവ്വതി വി.എസ്, അലീന, ശ്രീലക്ഷ്മി വി.കെ, ദീപ്തി കെ.പി, നന്ദന പി.വി, ആദിത്യ എന്നിവർ സംസാരിച്ചു.
ശ്രീലക്ഷ്മി ദിലീപ് നാടൻപാട്ടും ബിൻ ഷ സ്റ്റീഫൻ ഗാനവും ആലപിച്ചു. ദിലീപ് കെ.പി.സ്വാഗതവും രൂപ പി.ആർ.നന്ദിയും പറഞ്ഞു.ധായ് ആഖർ പ്രേം-സ്നേഹമെന്ന രണ്ടക്ഷരം എന്ന സന്ദേശവുമായി ഇപ്റ്റ ദേശീയ സാംസ്കാരിക ജാഥ യോടനുബന്ധിച്ച് സ്നേഹ സന്ദേശ യാത്ര ഡിസംബർ 9 ന് മാവൂരിൽ നടത്താൻ നിശ്ചയിച്ചു.നവംബർ 23 ൻ്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി വാർഷിക ദേശീയ സെമിനാർ വിജയിപ്പിക്കാനും തീരുമാനിച്ചു.
ഇപ്റ്റ മാവൂർ മേഖല കമ്മിറ്റി ഭാരവാഹികളായി ശ്രീകുമാർ മാവൂർ (പ്രസിഡണ്ട്) വ്യാസ് പി റാം, ശ്രീലക്ഷ്മി ദിലീപ്, പ്രശാന്ത് വിദ്യാധരൻ (വൈസ് പ്രസിഡണ്ടുമാർ) ദിലീപ് കെ.പി ( സെക്രട്ടറി) ബൈജു ഭാസ്, എം എം.കോയ, രൂപ പി.ആർ (ജോ.സെക്രട്ടറിമാർ)രാജൻ ചെറുപ്പ (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.