ശാന്തിനികേതനില്‍ നിന്നും എളിയവനായ ഞാന്‍ ശാന്തിഗിരിയില്‍ എത്തിയത് ഗുരുവിന്റെ ദീര്‍ഘദര്‍ശിത്വം - പശ്ചിമബംഗാള്‍ ഗവര്‍ണര്‍.

പോത്തന്‍കോട് ( തിരുവനന്തപുരം):   നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മതാതീതമായ ആദ്ധ്യാത്മികത എന്ന ആശയം വലിയ നവോത്ഥാനത്തിന്റെ തുടക്കമാണ്. ആയിരം കാതങ്ങള്‍ നീളുന്ന ഒരു യാത്ര തുടങ്ങുന്നത് പോലും ഒരു ചെറിയ ചുവടുവെയ്പിലൂടെയാണ്. ആധുനിക നവോത്ഥാനത്തിന്റെ ആദ്യ ചുവടുവെയ്പാണ് ഗുരു ശാന്തിഗിരിയില്‍  ചെയ്തുവെച്ചിട്ടുളളത്. അതൊരു ചെറിയ കാര്യമല്ല. ശാന്തിനികേതനില്‍ നിന്നും എളിയവനായ താന്‍ ശാന്തിഗിരിയില്‍ എത്തിയത് ഗുരുവിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ പ്രതിഫലനമാണെന്ന്  പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ്. ശാന്തിഗിരി ആശ്രമത്തില്‍ഇരുപത്തിനാലാമത് നവ‌‌ഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ലക്ഷ്യം നേരിന്റെ വഴികാട്ടുക എന്നതായിരുന്നു . തന്നെത്തേടിവരുന്ന പാവപ്പെട്ടവര്‍ക്ക് ആദ്ധ്യാത്മികത നല്‍കുന്നതിനു പകരം ആദ്യം അന്നം നല്‍കുക എന്ന മാനവികതയുടെ ബാലപാഠമാണ് ഗുരു ലോകത്തിന് പകര്‍ന്നത്.  ഇന്ന് ഭാരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മൂല്യച്യുതി എന്നത് കുടുംബത്തിന് നല്‍കിയിരുന്ന പ്രാധാന്യം ഇല്ലാതാകുന്നുവെന്നുളളതാണ്. പാശ്ചാത്യസംസ്കാരത്തിന്റെ അനുരണനങ്ങള്‍ ഏറ്റുവാങ്ങുന്ന നാം ‘വെസ്റ്റ് ഈസ് ബെസ്റ്റ്’ എന്ന മിഥ്യാധാരണയില്‍ നമ്മുടെ പരമ്പരാഗതമായ ശൈലികളെല്ലാം മാറ്റുകയാണ്. കുടുംബം, വ്യക്തി, സമൂഹം ഈ മൂന്ന് തലങ്ങളിലും അടിസ്ഥാനപരമായ മാറ്റം വരുത്തിയാല്‍ മാത്രമെ ലോകനന്മ സാധ്യമാകൂ എന്ന് ഗുരു മനസ്സിലാക്കി. അതുകൊണ്ടാണ് സമൂഹത്തില്‍ കുടുംബങ്ങള്‍ക്ക്  കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഗുരു നിഷ്കര്‍ഷിച്ചതും അതിനായി പരിശ്രമിച്ചതും അതില്‍ വിജയിച്ചതെന്നുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.  വളളത്തോളിന്റെ വരികള്‍ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ തന്റെ പ്രഭാഷണം ആരംഭിച്ചത്.  മാതൃസ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന സംഭവകഥകളിലൂടെയും പുരാണകഥകളിലൂടെയും ബൈബിള്‍ കഥകളിലൂടെയും മഹത്തായ ആശയങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ  പങ്കുവെച്ചത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍തിരുമല എന്നിവര്‍ പ്രസംഗിച്ചു.  ആശ്രമത്തിലെത്തിയ ഗവര്‍ണറിനെ സ്വാമി ജ്യോതിര്‍പ്രഭ, സ്വാമി വിവേക് എന്നിവര്‍ ചേര്‍ന്ന്  താമരപ്പൂവ് നല്‍കി സ്വീകരിച്ചു. സ്പിരിച്വല്‍ സോണിലെ പ്രാര്‍ത്ഥനാലയത്തില്‍ ആരാധനയില്‍ പങ്കെടുത്ത ശേഷം  താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. 

ഫോട്ടോ ക്യാപ്ഷന്‍: 

1. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിനാലാമത് നവ‌ഒലിജ്യോതിര്‍ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് നിര്‍വഹിക്കുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,  പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, ആര്‍.സഹീറത്ത് ബീവി, സബീര്‍ തിരുമല എന്നിവര്‍ സമീപം     2. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിനാലാമത് നവ‌ഒലിജ്യോതിര്‍ദിനാഘോഷങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമീപം.

പ്രത്യേക ലേഖകൻ.

Author
Citizen Journalist

Goutham Krishna

No description...

You May Also Like