മാലിന്യ സംസ്‌കരണം; കേരളം രാജ്യത്തിന് മാതൃകയെന്ന് ഗവര്‍ണര്‍
- Posted on April 13, 2025
- News
- By Goutham prakash
- 110 Views
തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വൃത്തി 2025 കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം.ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയത്തിലെത്തുകയാണ്. സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവന്‍ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത വൃത്തി സ്ഥിരമായ ഒന്നല്ലെന്നും വൃത്തി ഒരു ശീലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന ബോധമുണ്ടാകണം. ഉറവിട കേന്ദ്രീകൃതമായ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വ്യാപകമാക്കണം. അതിലൂടെ വൃത്തിശീലം ജനജീവിതത്തിന്റെ ഭാഗമാക്കാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട എതിര്‍പ്പുകളില്‍ സമവായമുണ്ടാക്കാനായി എന്നതാണ് വൃത്തി 2025 കോണ്‍ക്ലേവിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വച്ഛതയും വൃത്തിയുമെന്നത് ഇന്ന് ഇന്ത്യയിലൊട്ടാകെ ഒരു മുഖ്യ അജണ്ടയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷന്‍ ഡോക്യുമെന്റ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. വി.കെ. പ്രശാന്ത് എംഎല്‍എ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി.വി. തുടങ്ങിയവര്‍ പങ്കെടുത്തു.
