ട്രാവൽ കാർഡ് ക്യാമ്പയിനുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന ക്യാമ്പയിന് മികച്ച പ്രതികരണം. പേരും മൊബൈൽ നമ്പറും ഒപ്പം 100 രൂപയും നൽകിയാൽ  ട്രാവൽ കാർഡുകൾ കയ്യിൽ കിട്ടും. ടിക്കറ്റ് വാങ്ങുന്നതിന് പണം നൽകുന്നതിന് പകരമായി കാർഡുകൾ ഉപയോഗിക്കാം. ട്രാവൽ കാർഡുകൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഫീഡർ ബസ്, സർവീസ് ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് ഇവയുടെ വിതരണം ഊർജ്ജിതമാക്കുന്നത്. 

എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന റീചാർജബിൾ പ്രീപെയ്ഡ് ട്രാവൽ കാർഡുകൾ ഉപയോഗിച്ച് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം. 50 രൂപ മുതൽ റീചാർജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാർജ് ചെയ്യാം. കെ.എസ്.ആർ.ടി.സിയുടെ ഫീഡർ ബസ്,സിറ്റി സർക്കുലർ സർവീസ്, സിറ്റി ഷട്ടിൽ സർവീസുകൾ എന്നിവയിലാണ് നിലവിൽ കാർഡ് ഉപയോഗിക്കാൻ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സർവീസുകളിലും ട്രാവൽ കാർഡ് ഉപയോഗം വ്യാപകമാക്കാനാണ് ശ്രമം. 

250 രൂപ മുതൽ 2000 രൂപ വരെ റീചാർജ് ചെയ്യുമ്പോൾ 10 ശതമാനം അധിക തുകയുടെ മൂല്യം യാത്രക്കാർക്ക് സൗജന്യമായി ലഭിക്കും. ആർ.എഫ്.ഐ.ഡി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് ട്രാവൽ കാർഡുകൾ.  കെ.എസ്.ആർ.ടി.സി ബസുകളിലെ കണ്ടക്ടർമാർ തന്നെയാണ് സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്ത് നൽകുന്നതും. ഒരു  ട്രാവൽ കാർഡ് എടുത്തു കഴിഞ്ഞാൽ കുടുംബത്തിൽ എല്ലാവർക്കും അത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. 

കെ.എസ്.ആർ.ടി.സി കൊമേഷ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷനിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇരുന്നൂറോളം കാർഡുകളാണ് ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്തത്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like