ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഫലം കുടിശിക ഉടന്‍ നല്‍കും : ധനകാര്യവകുപ്പ് മന്ത്രി.
തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് നല്‍കാനുള്ള പ്രതിഫല കുടിശിക ഉടന്‍ നല്‍കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ആഗസ്റ്റ് മാസം വരെയുള്ള പ്രതിഫലം വിതരണം ചെയ്തുവെന്നും സെപ്തംബര്‍ മാസത്തെ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്നും ഒക്ടോബർ, നവംബർ മാസത്തെ കളക്ഷൻ എൻട്രി ഇ.ബി.റ്റി പോർട്ടൽ മുഖേന പുരോഗമിക്കുകയാണ് എന്നും ശേഷിക്കുന്ന 3 മാസത്തെ തുക യഥാസമയം പോസ്റ്റാഫീസിൽ നിന്നും രേഖകൾ ശേഖരിച്ച് ഇ.ബി.റ്റിയിൽ രേഖപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ അനുവദിക്കുന്നതായിരിക്കും എന്നും മന്ത്രി സഭയെ അറിയിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് നേരിടുന്ന പ്രതിസന്ധികള്‍ ഉന്നയിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് നല്കി വന്നിരുന്ന ഇൻസെന്റീവ് അലവൻസും ബോണസും 2011ല്‍ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. ദേശീയ സമ്പാദ്യ പ്രവർത്തനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാരുടെ സാമ്പത്തിക സുരക്ഷിതത്വം കണക്കിലെടുത്ത് തൽപരരായവരുടെ സേവനം സംസ്ഥാന സർക്കാരിന്റെ വിവിധ വികസന, സാമൂഹ്യ ക്ഷേമ, സാമൂഹ്യ സുരക്ഷാ മേഖലകളിൽ വിനിയോഗിക്കുവാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഏജന്റുമാരുടെ സേവനം സമ്പാദ്യ സമാഹരണത്തോടൊപ്പം സർക്കാർ നൽകി വരുന്ന വിവിധ സേവനങ്ങൾ വേഗത്തിലും കൃത്യതയോടും കൂടി ജനങ്ങളിലേക്കെത്തിക്കുന്നതിന് ഏജന്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുവാനും കളക്ഷന് ആനുപാതികമായി പ്രതിഫലം നൽകാനും തീരുമാനിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 10,000 ത്തോളം ഏജന്റുമാർ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച നിലവിലെ ഏജൻസി ചട്ട പ്രകാരം ഒരാളുടെ പേരിലുള്ള ഏജൻസി മറ്റൊരാളുടെ പേരിലേയ്ക്ക് മാറ്റി നൽകുന്നതിനോ ആശ്രിത നിയമന പ്രകാരമുള്ള നിയമനം നൽകുന്നതിനോ വ്യവസ്ഥ ചെയ്യുന്നില്ലയെന്നും വകുപ്പിന്റെ പ്രവർത്തനങ്ങൾ കുടുതൽ ക്രമീകരിക്കേണ്ടതുളളതുകൊണ്ട് മഹിളാ പ്രധാൻ ഏജൻസി നിയമനം ' ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. 2023 ഫെബ്രുവരി 20 വരെ ലഭ്യമായിട്ടുള്ള ന്യൂനതകളില്ലാത്ത പെൻഷൻ അപേക്ഷകൾ പ്രകാരം പെൻഷൻ അനുവദിച്ചിട്ടുണ്ട്. എജന്റുമാര്‍ക്ക് അനുവദിച്ചു വന്നിരുന്ന കുറഞ്ഞത് 600/-രൂപ നിരക്കിലുള്ള പ്രതിമാസ പെൻഷൻ ഏജന്റുമാരുടെ പെൻഷൻ വിഹിതം ഉയർത്താതെ 1200 രൂപയായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയർത്തിയിട്ടുണ്ട് എന്നും 2640 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്ന ഏജന്റുമാർ വരെ നിലവിലുണ്ട് എന്നും മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകൻ.