ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
- Posted on June 28, 2025
- News
- By Goutham prakash
- 109 Views
*സ്വന്തം ലേഖിക.*
പാലക്കാട് തച്ചനാട്ടുകര ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും, പഠിച്ചിരുന്ന സ്‌കൂളായ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, കമ്മീഷന്‍ അംഗം കെ കെ ഷാജു എന്നിവർ സന്ദര്‍ശനം നടത്തി.
മരണത്തെതുടര്‍ന്ന് ഉണ്ടായേക്കാവുന്ന മാനസികാഘാതം കണക്കിലെടുത്ത് കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പം ഉണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച (ജൂണ്‍ 30) മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്ന അന്തരീക്ഷം സ്‌കൂള്‍ മാനേജ്മെന്റ് ഉറപ്പുവരുത്തണം. പോലീസ് ഉദ്യോഗസ്ഥരമായും കമ്മീഷൻ കൂടിക്കാഴ്ച്ച നടത്തി, വിട്ടു വീഴ്ചയില്ലാതെ കൃത്യമായ നടപടികള്‍ എടുക്കണമെന്നും നിര്‍ദ്ദേശിച്ചു. കമ്മീഷന്റെ തുടര്‍ നിരീക്ഷണവും ഉണ്ടാകും.
കുട്ടിയുടെ മാതാപിതാക്കളായ പ്രശാന്ത്, സജിത, അമ്മാവനായ കണ്ണന്‍, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ കെ പി എം സലിം, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ചെയര്‍മാന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിയുടെ പിതാവ് ബാലവകാശ കമ്മീഷന് രേഖാമൂലം പരാതി സമര്‍പ്പിച്ചു. ഗൗരവകരമായി തന്നെയാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
