കേരളം കൃഷി സമൃദ്ധിയിലേക്ക്: സംസ്ഥാന വ്യാപകമായി പൊതു ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.
- Posted on January 31, 2025
- News
- By Goutham prakash
- 209 Views
തിരുവനന്തപുരം:
പ്രാഥമിക കാർഷിക മേഖലയെ ശക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാർഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുക, കർഷകരുടെ വരുമാന വർദ്ധനവ് ഉറപ്പാക്കുക, കേരളീയ ജനതയ്ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തെ സാധ്യമാക്കുന്നതിന് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കർമ്മ പദ്ധതിയായ കൃഷി സമൃദ്ധി പദ്ധതിക്ക് തുടക്കമാവും. പ്രാദേശിക സാമ്പത്തിക വികസനം കൃഷിയിലൂടെ സാധ്യമാക്കുന്നതിന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി കൃഷിഭവൻ തലത്തിൽ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെയാവും പ്രാഥമിക പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സംസ്ഥാനത്തെ കാർഷിക പ്രാധാന്യമായുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാരംഭമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. ഉല്പാദന-സേവന-മൂല്യ വർധിത മേഖലകളിൽ വാർഡുതലത്തിൽ രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളിലൂടെ അതാതു മേഖലകളിലെ വികസന മൈക്രോ പ്ലാനുകൾ തയ്യാറാക്കലാണ് ഒന്നാം ഘട്ടം. കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മാതൃക കൃഷിയിടങ്ങളും, മികച്ച സംയോജിത കൃഷിയിടങ്ങളും ഒന്നാം ഘട്ടത്തിൽ തയ്യാറാക്കും. നൂതന കൃഷി രീതികൾക്കും, നൂതന കൃഷിക്കും, സമ്മിശ്ര കൃഷിരീതികൾക്കും, കാർഷിക യന്ത്രവൽക്കരണത്തിനും മുൻതൂക്കം നൽകും. മൈക്രോപ്ലാനുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഞ്ചായത്ത് തല കൃഷി സമൃദ്ധി പദ്ധതി കൃഷി ഓഫീസർ അവതരിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഉൽപ്പാദന വിള നിർണ്ണയ വിപണന രേഖ തയ്യാറാക്കുകയും ചെയ്യും. കൃഷി സംബന്ധിച്ച വിവരശേഖരണം കതിർ ആപ്പിലൂടെ നടപ്പിലാക്കും.
ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വാർഡിലും കൃഷിയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. അതാത് മേഖലകളിൽ ഏറ്റവും ആദായകരമായും അതെ സമയം ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനത്തെ നയിക്കാനും പ്രാപ്തമായ വിളകൾ ഓരോ പ്രദേശത്തും തിരഞ്ഞെടുക്കും. വിവിധ കാരണങ്ങളാൽ തരിശു കിടക്കുന്ന ഭൂമികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളും.
ഉൽപ്പാദന വിള നിർണ്ണയ വിപണന രേഖ അടിസ്ഥാനമാക്കി കൃഷി ചെയ്യേണ്ട വിളകൾ ഏതൊക്കെയാണെന്ന് നിശ്ചയിച്ച് കൃഷികൂട്ടങ്ങളെയും കർഷകരെയും ഉത്പാദക സംഘങ്ങളെയും സംഘടിപ്പിച്ച് ഉൽപ്പാദനം ആരംഭിക്കുക എന്നതാണ് മൂന്നാം ഘട്ടം.
തരിശു സ്ഥലങ്ങൾ കണ്ടെത്തി വിപണി ആവശ്യകത, പോഷക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കി വിള ഉൽപ്പാദന പ്ലാൻ തയ്യാറാക്കുക, ഉൽപ്പാദന/സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, വ്യക്തിഗത കർഷകർ എന്നിവർക്ക് ആവശ്യമായ യന്ത്രവൽക്കരണ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുക, പുതുതായി കണ്ടെത്തുന്ന കൃഷി സ്ഥലങ്ങളിൽ അനുയോജ്യമായ സംയോജിത കൃഷിരീതികളുടെ സാധ്യത ഫാം പ്ലാൻ വർക്ക് ഷോപ്പുകളിലൂടെ നിർണ്ണയിച്ച് നടപ്പിലാക്കുക തുടങ്ങിയവയും മൂനാം ഘട്ട പ്രവർത്തനങ്ങളാണ്.
ഉൽപ്പാദന വിള നിർണ്ണയ വിപണന രേഖ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാന, കേന്ദ്രാവിഷ്‌കൃത, തദ്ദേശ സ്വയംഭരണ പദ്ധതികൾ സംയോജിപ്പിച്ചാവും കൃഷി സമൃദ്ധി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുക. കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, MGNREGS , മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, വ്യവസായ വകുപ്പ്, മൽസ്യബന്ധന വകുപ്പ്, പട്ടിക ജാതി-പട്ടിക വർഗ്ഗ വികസന വകുപ്പ്, യുവജന ക്ഷേമ വകുപ്പ് എന്നീ വകുപ്പുകളിൽ നിന്നും പദ്ധതിക്കാവശ്യമായ വിഭവ സമാഹരണം നടത്തും. തരിശു കൃഷിക്ക് നാവോ-ധൻ പദ്ധതി മാനദണ്ഡങ്ങൾ കൂടുതൽ സ്വീകാര്യത പകരും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പോഷക സമൃദ്ധി മിഷൻ, ജൈവ കാർഷിക മിഷൻ എന്നീ പദ്ധതി പ്രവർത്തനങ്ങളും സംസ്ഥാനവ്യാപകമായി കാർഷിക മുന്നേറ്റത്തിന് ലക്‌ഷ്യം വെച്ച് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിക്ക് കൂടുതൽ വേഗം പകരും.
സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ, കർഷകരുടെ വരുമാന വർദ്ധനവ്, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, ദ്വിതീയ കാർഷിക മേഘയുടെ വികസനത്തിലൂന്നിയുള്ള കാർഷിക സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങളിലേക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച വൈകുന്നേരം 3:30 ന് പാലക്കാട് തൃത്താല വി.കെ. കടവ് ലുസൈൽ പാലസിന് സമീപം സജ്ജീകരിക്കുന്ന വേദിയിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.
കൃഷി സമൃദ്ധി പദ്ധതി
ലക്ഷ്യങ്ങൾ
- കാർഷിക സാക്ഷരതാ യജ്‌ഞം - പൊതുജനങ്ങൾക്കിടയിൽ കൃഷിയുടെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കുക
- പഴം-പച്ചക്കറി ഉൾപ്പെടെ സാധ്യമായ എല്ലാ ഭക്ഷ്യ വിള ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക.
- കാർഷിക യോഗ്യമായ മുഴുവൻ സ്ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കുക (നാവോ-ധൻ)
- ദ്വിതീയ കാർഷിക മേഖലയുടെ വികസനത്തിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക.
- വിപണിയിൽ ഉന്നത മൂല്യമുള്ള കാർഷിക വിളകൾക്ക് പ്രാധാന്യം നൽകുക
- യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക - ഓരോ വാർഡിലും 5 യുവ കർഷകർ
- കാർഷിക സംരംഭകത്വ പ്രോത്സാഹനം
- നവീന കൃഷി രീതികൾ/ ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നിവയുടെ ഉപയോഗം
- സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യഉൽപാദനം (പോഷക സമൃദ്ധി മിഷൻ, ജൈവ കാർഷിക മിഷൻ) - കേരളം ഗ്രോ ബ്രാൻഡ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക.
- കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുക
- പ്രാദേശിക വിപണന കേന്ദ്രങ്ങൾ ശക്തമാക്കുക
- കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക
- കാർഷിക മേഖലയിൽ മൂന്ന് ലക്ഷം പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കുക
- മാതൃക കൃഷിയിടങ്ങൾ ബന്ധപ്പെടുത്തി - കൃഷി അധിഷ്ഠിത വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക.
- കാർഷിക മേഖലയിൽ കാലാവസ്ഥ വ്യതിയാന ആഘാതം ലഖൂകരിക്കുന്നതിനുതകുന്ന പ്രകൃതി വിഭവ പരിപാലനം.
സി.ഡി. സുനീഷ്.
