ബേപ്പൂർ അന്തരാഷ്ട്ര വാട്ടർ ഫെസ്റ്റ് ആവേശമായിബേപ്പൂരിന്റെ ആകാശവും കടലും തീരവും നിറഞ്ഞുണർന്നു.
- Posted on January 05, 2025
- News
- By Goutham prakash
- 187 Views
ജല വിനോദ സഞ്ചാരത്തിന്റെ സർഗ്ഗാത്മകതയും ലാവണ്യവും ഇഴ ചേർത്ത് ബേപ്പൂർ വാട്ടർ ഫെസ്റ്റ് ജല വിനോദ സഞ്ചാര ഭൂപടത്തിൽ ബേപ്പൂരും ഇടം നേടി.
കടലും തീരവും ആകാശവും ചാരുത വിരിഞ്ഞ പരിപാടികളാൽ ശ്രദ്ധേയമായി, ആവേശമായി വൻ ജനാവലി ഓരോ കാഴ്ചയും വിസ്മയത്തോടെ ആഹ്ലാദത്തോടെയും കണ്ട് മനസ്സ് നിറച്ചു.
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണിന്റെ ഭാഗമായി
ബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ സ്വന്തമാക്കി വർണ്ണപ്പട്ടങ്ങൾ.
വൈകിട്ട് 3 മണി മുതൽ പട്ടങ്ങൾ ബേപ്പൂരിൻ്റെ ആകാശം കീഴടക്കി ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പട്ടം പറത്തൽ വിദഗ്ദരാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്. 10 സംസ്ഥാനങ്ങളിൽ നിന്നായി 50 കൈറ്റ് ഫ്ളൈയർസ് പട്ടം പറത്തലിൻ്റെ ഭാഗമായി.
പല രൂപത്തിലുള്ള പട്ടങ്ങൾ കാണികളിൽ കൗതുകമുണർത്തി. നിരവധിയാളുകളാണ് പട്ടം പറത്തലിൻ്റെ ദൃശ്യവിസ്മയം നേരിട്ട് കണ്ട് ആസ്വദിക്കാൻ ബീച്ചിലെത്തിയത്.
ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, പൈലറ്റ്, ട്രെയിൻ, ഷോ കൈറ്റ്, ഇന്ത്യൻ ട്രെഡീഷണൽ തുടങ്ങിയ ഇനത്തിൽപ്പെട്ട കുതിര, പൂച്ച, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങൾ വാനിൽ നൃത്തമാടി.
ഞായറാഴ്ചയും ഉച്ച 2 മുതൽ 6 വരെ മറീന ബീച്ചിൽ പട്ടം പറത്തൽ ഉണ്ടാകും. പട്ടവുമായി എത്തുന്ന താൽപര്യമുള്ളവർക്ക് ചാലിയം ബീച്ചിൽ പരിശീലനം നൽകുമെന്ന് പട്ടം പറത്തലിന് നേതൃത്വം നൽകിയ
വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ പറഞ്ഞു.
കൈയ്യടി നേടി ഫ്ലൈ ബോർഡ് ഡെമോ
ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കാണികളുടെ കൈയ്യടി നേടി ഫ്‌ളൈ ബോർഡ് ഡെമോ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ശനിയാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിലാണ് ജല സാഹസിക പ്രദർശനമായ ഫ്ലൈ ബോർഡ് ഡെമോ നടന്നത്.
വെള്ളത്തിനടിയിൽ നിന്നും അതിസാഹസികമായി ഫ്ലൈ ബോർഡിൽ വെള്ളത്തിന് മുകളിലൂടെയുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ച്ചയൊരുക്കി. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ഡെമോ ഒരുക്കിയത്.
കൗതുകമായി പാരാമോട്ടറിംഗ്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിലെത്തിയവർക്ക് കൗതുക കാഴ്ചയായി പാരാമോട്ടറിംഗ്. ചാലിയം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ മറീന ബീച്ചിലൂടെ ആകാശത്ത് അത്ഭുതക്കാഴ്ച്ചയായി. അഭ്യാസപ്രകടനങ്ങൾ നാല് മണിക്കൂർ നീണ്ടുനിന്നു. പാരഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് പാരാമോട്ടർ ഗ്ലൈഡർമാരാണ് ആകാശത്ത് ആകാശത്ത് സുന്ദരകാഴ്ചകൾ തീർത്ത്.
വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണിന്റെ ആദ്യ ദിനത്തിൽ ആവേശം നിറച്ച് ഡിങ്കി ബോട്ട് റെയ്സ്. മത്സരവേഗത്തിൽ മുന്നേറിയ ഡിങ്കി ബോട്ടുകൾ കരയിലും കടലിലും ഒരുപോലെ ആവേശമുയർത്തി. ബ്രേക്ക്‌വാട്ടറിൽ നടന്ന മത്സരത്തിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് പങ്കെടുത്തത്.
22 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം രണ്ടു പേരടങ്ങുന്ന ടീമായി ആറ് റൗണ്ടുകളിലായാണ് നടത്തിയത്. അവസാന റൗണ്ടിൽ 10 പേരടങ്ങുന്ന അഞ്ച് ബോട്ടുകൾ ഫൈനലിൽ പ്രവേശിച്ചു. യുവജനങ്ങളും മുതിർന്നവരുമുൾപ്പടെ മത്സരത്തിന്റെ ഭാഗമായിരുന്നു.
സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം വിജയികളായി ഒന്നാമതെത്തി. സിറാജുദ്ദീൻ ജാഷിർ ടീം രണ്ടാം സ്ഥാനവും ഇർഫാൻ, റമീസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സാഹസികത നിറച്ച് വ്യോമസേനയുടെ എയർഷോ
കാണികളിൽ ആവേശത്തിരയുയർത്തി വ്യോമസേനയുടെ എയർഷോ. വ്യോമസേനയുടെ കോയമ്പത്തൂർ സുലൂരിലെ 43 വിങ്ങിൽ നിന്നുള്ള ദി ഗ്രേറ്റ് സാരംഗ്സ് എന്ന് വിളിപ്പേരുള്ള നാല് ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബേപ്പൂരിന്റെ ആകാശത്ത് സാഹസിക പറക്കൽ നടത്തിയത്.
കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉൾപ്പെടെയുള്ളവർ കുടുംബസമേതം ഒരു മണിക്കൂർ നീണ്ട എയർഷോ കാണാൻ എത്തിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സാഹസികത്തികവും പ്രൗഢിയും പ്രതിഫലിപ്പിക്കുന്നവയ
ആവേശം നിറച്ച് വലയെറിയൽ മത്സരം
ചെറുതോണികളിലെത്തി കാണികളിൽ ആവേശത്തിന്റെ വലയെറിഞ്ഞ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ ശനിയാഴ്ച വൈകീട്ട് നടന്ന വാശിയേറിയ വലയെറിയൽ മത്സരത്തിൽ വലയിൽ 880 ഗ്രാം മത്സ്യവുമായെത്തിയ മുഹമ്മദ് കോയ, ടി ഹംസ എന്നിവർ വിജയികളായി.
ബ്രേക്ക് വാട്ടറിൽ നടന്ന മത്സരത്തില്‍ പതിനാറു ടീമുകളാണ് പങ്കെടുത്തത്. രണ്ടുപേരടങ്ങുന്ന ടീം നിശ്ചിത ചുറ്റളവിൽനിന്നും നിശ്ചിത സമയത്തിനുള്ളിൽ മത്സ്യവുമായി വരുന്നതാണ് മത്സരം. മത്സ്യത്തൊഴിലാളികളുടെ കഴിവുകൾ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നു.
വനിത സംരംഭകരുടെ രുചിപ്പെരുമയിൽ ഭക്ഷ്യമേള.
നാലാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യമേള വനിത സംരംഭകരുടെ രുചിപ്പെരുമ കൊണ്ട് ശ്രദ്ധേയം. വനിത സംരംഭകർ വീട്ടിൽ ഉണ്ടാക്കിയ വൈവിധ്യമുള്ള വിഭവങ്ങളാണ് മേളയിൽ ഭൂരിഭാഗവും. രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വിഭവങ്ങൾ ആസ്വദിക്കാൻ ജനങ്ങൾ ഇടിച്ചുകയറുകയാണ് പാരിസൺ കോബൌണ്ടിലെ ഭക്ഷ്യമേളയിലേക്ക്.
ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങൾ മുതൽ രുചി ലോകത്തെ പുത്തൻ തരംഗങ്ങളുടെ നിര തന്നെയാണ് 100 ഓളം സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്.
വെൽകം ഡ്രിങ്കിൽ തുടങ്ങി ചൂടോടെ പാകം ചെയ്ത് നൽകുന്ന കിഴി പൊറോട്ടയിൽ നിന്ന് കൊത്തുപൊറോട്ട, കപ്പ ബിരിയാണി, ഊട്ടി മുളക് ബജി, മുള സോഡ, കണ്ണൂർ കൊക്ക്ടെയ്ൽ ഷേക്ക്, കുറുക്കി എടുക്കുന്ന കറക്ക് ചായ എന്നിങ്ങനെ മെനു നീളുന്നു.
അടിപൊളി പഞ്ചാബി ഭക്ഷണങ്ങൾ, വിവിധ തരം ബിരിയാണികൾ, കോഴിക്കോടിന്റെ തനത് വിഭവങ്ങൾ എന്നിവയും ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.
ദോശകളുടെ വൈവിധ്യവുമായി ദോശമേള, പായസമേള എന്നിവയാണ് മേളയുടെ മറ്റൊരു ആകർഷണം. കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി, ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും മനസ്സു നിറയെ കഴിക്കാം. ചക്ക, മാങ്ങ, തേങ്ങ ഐസ്ക്രീമുകളുള്ള സ്റ്റാളുകളിൽ കുട്ടികളാണ് കൂടുതലുമെത്തുന്നത്.
ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ മീൻ കട്ലറ്റ്, കല്ലുമ്മക്കായ നിറച്ചത്, പാൽ കപ്പ തുടങ്ങിയ മത്സ്യരുചികളുടെ കലവറ വേറെയുണ്ട്.
ജനം ഒഴുകിയെത്തി ഒന്നാം ദിനം
ജല സാഹസിക കായിക മത്സരങ്ങളും ആകാശ വിസ്മയങ്ങളും പ്രദർശനങ്ങളും സംഗീത പരിപാടികളും കൊണ്ട് നാടിനെ ഉത്സവ ലഹരിയിലാഴ്ത്തി ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാല് ഒന്നാം ദിവസം. മത്സരങ്ങൾ കാണാനും പ്രോത്സാഹിപ്പിക്കാനും കൗതുക കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാനും ഫുഡ് ഫെസ്റ്റിലെ വൈവിധ്യമാർന്ന രുചിക്കൂട്ടങ്ങൾ പരീക്ഷിക്കാനും സംഗീതം ആസ്വദിക്കാനുമായി ആയിരങ്ങളാണ് ആദ്യദിവസം തന്നെ ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്.
വ്യോമസേനയുടെ ഉദ്വേഗം നിറച്ച എയർ ഷോയും പാരമോട്ടറിങ്ങും കൈറ്റ് ഫെസ്റ്റിവലും ഡ്രോൺ ഷോയും ആകാശത്ത് വിസ്മയം തീർത്തപ്പോൾ ഡിങ്കി ബോട്ട് റേസും സെയിലിംഗും കയാക്കിങ്ങും ഫ്ലൈ ബോർഡ് ഡെമോയും കടലിലെ മത്സരാവേശം കരയിൽ കരഘോഷമായി. തുറമുത്തെ നങ്കൂരമിട്ട ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലിലെ കാഴ്ചകൾ കാണാൻ രാവിലെ ഒമ്പത് മണി മുതൽ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരി ജോത്സന രാധാകൃഷ്ണൻ നയിച്ച ബാൻഡ് അടിപൊളി പാട്ടുകൾ കൊണ്ട് ചാലിയം ബീച്ചിനെ ഇളക്കിമറിച്ചു. ഏഴ് മണിക്ക് ആരംഭിച്ച ജോത്സനയുടെ പാട്ട് കേൾക്കാൻ നാലുമണിയോടെ തന്നെ ജങ്കാർ വഴിയും മറ്റും സംഗീത പ്രേമികൾ ഓഷ്യനസ് ചാലിയത്തെത്തി ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. നിറഞ്ഞ ആവേശത്തോടെയും കൈയ്യടികളോടെയും പാട്ടുകൾ ഏറ്റുപാടിയുമാണ് ബേപ്പൂർ ബീച്ചിൽ സംഗീതാസ്വാദകർ കെ എസ് ഹരികൃഷ്ണൻ ആൻഡ് ടീമിനെ വരവേറ്റത്. ഒരാഴ്ച മുന്നെ ആരംഭിച്ച ഫുഡ് ഫെസ്റ്റിൽ തുടക്ക ദിവസം മുതൽ തന്നെ നല്ല തിരക്കായിരുന്നു.
സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
സിനിമാതാരങ്ങളായ ബേസിൽ ജോസഫും സൗബിൻ ഷാഹിറും പങ്കെടുക്കും
ബേപ്പൂർ അന്താരാഷ്ട്ര വോട്ടർഫെസ്റ്റ് സീസൺ നാലിന്റെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ( ജനുവരി 5) ഉദ്ഘാടനം ചെയ്യും.
ഫിഷിംഗ് ഹാർബർ ജംഗ്ഷനിൽ നിന്ന് തുടങ്ങി പ്രധാന വേദിവരെ നീളുന്ന സമാപന ഘോഷയാത്ര അഞ്ചുമണിക്ക് ആരംഭിക്കും.
പ്രധാന വേദിയായ മറീന ബീച്ചിൽ വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാകും. എം കെ രാഘവൻ എം പി, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ എസ് സച്ചിൻദേവ് എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. പി ഗവാസ് തുടങ്ങിയവർ പങ്കെടുക്കും. സിനിമാ താരങ്ങളായ ബേസിൽ ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.
ഓളങ്ങളിൽ കയാക്കിങ്; ഒന്നാമതായി ആൽഫി ടോംബിയും സോനം കെ ആറും
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ നാലിൽ ഓളമായി ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ നടന്ന സിറ്റ് ഓൺ ടോപ് കയാക്കിങ് മത്സരം. മെൻ സിംഗിൾ, വിമൻ സിംഗിൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി നടന്ന മത്സരത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള 72 ഓളം പേർ മത്സരിച്ചു. പ്രാദേശികമായുള്ളവർക്കു കൂടി അവസരം നൽകികൊണ്ടായിരുന്നു മത്സരം.
300 മീറ്റർ ട്രാക്കിലായിരുന്നു മത്സരം.
മെൻ വിഭാഗത്തിൽ ആൽഫി ടോംബിയും വിമൻ വിഭാഗത്തിൽ ശില്പ കെ ആറും ഒന്നാമതെത്തി. ആൽബർട്ട് രാജ്, സോന കെ ആർ എന്നിവർ ഇരുവിഭാഗങ്ങളിലും രണ്ടാം സ്ഥാനത്തെത്തി.
ദേശീയ തലത്തിൽ കയാക്കിങ് മത്സരങ്ങളിൽ പങ്കെടുത്ത് പ്രാഗൽഭ്യം തെളിയിച്ച മത്സരാർഥികളും പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിനും 15000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം.
സി.ഡി. സുനീഷ്
