അമ്മക്കൊരു മരം പദ്ധതിയിൽ കണ്ടൽ വളരും
- Posted on August 23, 2024
- News
- By Varsha Giri
- 281 Views
കണ്ടൽ നടീൽ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'അമ്മയ്ക്കൊരു മരം' പദ്ധതിയുടെ ഭാഗമായാണിത്. സി.എം.എഫ്.ആർ.യുടെ കീഴിലുള്ള ഞാറക്കലിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കായലിനോട് ചേർന്നുള്ള സ്ഥലത്ത് നൂറോളം കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചു. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
തീരദേശ ജനതയുടെ ജൈവകവചമാണ് കണ്ടൽവനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കടലോരങ്ങളിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളെ ചെറുക്കാൻ ശേഷിയുള്ളതാണ് കണ്ടലുകൾ. തീരപ്രദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ ഇവ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടൽവനവൽകരണത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. അടുത്ത ഘട്ടത്തിൽ, ഞാറക്കൽ, വൈപ്പിൻ ഗ്രാമപഞ്ചായത്ത് അധികൃതരുമായി സഹകരിച്ച് കണ്ടൽ നടീൽ കാംപയിൻ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ട്.
കാംപയിനിന്റെ ഭാഗമായി സിഎംഎഫ്ആർഐയുടെ ആസ്ഥാനത്തും തേവരയിലെ പാർപ്പിട സമുച്ഛയത്തിലും വിവിധ ഫലവൃക്ഷത്തൈകൾ നട്ടു. സിഎംഎഫആർഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാംപയിൻ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സിഎംഎഫ്ആർഐയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും കണ്ടലുകളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
