‘അത്ഭുതങ്ങളിലേക്കുള്ള ജലപാതകൾ: ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ സാധ്യതകളുടെ അനാവരണം ’ സമ്മേളനത്തിന് മുംബൈ വേദിയാകും.

സി.ഡി. സുനീഷ്.


 


ഇന്ത്യൻ ഉൾനാടൻ ജലപാത അതോറിറ്റി (IWAI), ഇന്ത്യൻ തുറമുഖ അസോസിയേഷൻ (IPA) എന്നിവയുമായി സഹകരിച്ച് മുംബൈ പോർട്ട് ട്രസ്റ്റ് ഓഗസ്റ്റ് 18 തിങ്കളാഴ്ച മുംബൈയിൽ ‘അത്ഭുതങ്ങളിലേക്കുള്ള ജലപാതകൾ: ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ സാധ്യതകളുടെ അനാവരണം’  (Waterways to Wonder: Unlocking Cruise Tourism) സമ്മേളനം സംഘടിപ്പിക്കും. രാജ്യത്തെ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, നയസംരംഭങ്ങളും മികച്ച രീതികളും വളർച്ചയ്ക്കുള്ള തന്ത്രങ്ങളും ചർച്ചചെയ്യുക എന്നതാണു സമ്മേളനത്തിന്റെ ലക്ഷ്യം.

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോർപ്പറേഷൻ, മറ്റു പങ്കാളികൾ എന്നിവയുടെ അവതരണങ്ങളും പാനൽ ചർച്ചകളും വിദഗ്ധരുടെ പ്രഭാഷണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ക്രൂയിസ് വിനോദസഞ്ചാര വികസനത്തിനായുള്ള തന്ത്രപരമായ കാഴ്ചപ്പാടും നയപരമായ വീക്ഷണവും, വളർച്ചയ്ക്കുള്ള നയവും നിയന്ത്രണ സംവിധാനങ്ങളും, സാംസ്കാരിക-തീരദേശ യാത്രാ പദ്ധതികൾ, ക്രൂയിസ് ടെർമിനലുകളുടെ മികച്ച രീതികൾ, സ്മാർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, ഹരിത തുറമുഖ തന്ത്രങ്ങൾ എന്നിവയാണു ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ.

ഈ പരിപാടിയിൽ, വിനോദസഞ്ചാര മേഖലയിലും ഫെറികളുടെ വൈവിധ്യത്തിലും കൈവരിച്ച നേട്ടങ്ങളും പരിഷ്കാരങ്ങളും സംബന്ധിച്ച് 'നാവിക് സെൽ 4 'ഒരു പ്രത്യേക അവതരണം നടത്തും. സമുദ്രങ്ങൾ, നദികൾ, ലൈറ്റ്ഹൗസ് ടൂറിസം, ഫെറികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) രൂപീകരിച്ച ഒരു പ്രത്യേക സെല്ലാണിത്. പ്രവർത്തനക്ഷമവും സുസ്ഥിരവുമായ സമുദ്ര, നദി ക്രൂയിസ് സർക്യൂട്ടുകൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയെ ക്രൂയിസ് ടൂറിസത്തിന്റെ ഒരു ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാവിക് സെൽ 4 ന്റെ നോഡൽ ഓഫീസർ കൂടിയായ ഇന്ത്യൻ  ഉൾനാടൻ ജലപാത അതോറിറ്റി (IWAI) ചെയർമാൻ ശ്രീ വിജയ് കുമാർ, ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.

 ഇന്ത്യ സമുദ്രവാരം(ഐ എം ഡബ്ല്യു)-2025 സംബന്ധിച്ച അവതരണത്തോടെ സമ്മേളനം സമാപിക്കും. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐ എം ഡബ്ല്യു 2025 സമുദ്രമേഖലയിലെ പുരോഗതികൾ, അവസരങ്ങൾ, സഹകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കുക, ആഭ്യന്തര വളർച്ചയും അന്താരാഷ്ട്ര സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like