*കേരള സംഗീത നാടക അക്കാദമി അറുപത്തിയേഴാം വാര്‍ഷികം ആഘോഷിച്ചു*
- Posted on April 27, 2025
- News
- By Goutham prakash
- 135 Views
കേരള സംഗീത നാടക അക്കാദമിയുടെ 67ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കെ.ടി മുഹമ്മദ് തിയേറ്ററില്‍ സംഘടിപ്പിച്ച അക്കാദമി വാര്‍ഷികാഘോഷം കൂടിയാട്ടം ആചാര്യൻ വേണു ജി. ഉദ്ഘാടനം ചെയ്തു.യുനസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടിയ നാട്യശാസ്ത്രത്തെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി സമൂഹം ഒന്നായി പ്രയത്‌നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.നാട്യശാസ്ത്രത്തെ പോലെതന്നെ കെ.പി നാരായണ പിഷാരടിയുടെ നാട്യശാസ്ത്രത്തിന്റെ മലയാളം പരിഭാഷയും ആഘോഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അമേച്വര്‍ നാടകവേദിയിലെ രംഗശില്പ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇത്തവണത്തെ ചിറയിന്‍കീഴ് ഡോ.ജി.ഗംഗാധരന്‍ നായർ പുരസ്‌കാരം അലിയാര്‍ കെ.യ്ക്ക് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി സമര്‍പ്പിച്ചു.ഡോ.ജി.ഗംഗാധരന്‍ നായരുടെ ജീവിതപങ്കാളിയായ കാഞ്ചന ജി.നായര്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം കേരള സംഗീത നാടക അക്കാദമിയാണ് നല്‍കുന്നത്. ഡോ.ജി.ഗംഗാധരന്‍ നായര്‍ എഴുതി കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച മലയാള നാടകം : ഗ്രന്ഥപാഠവും രംഗപാഠവും എന്ന പുസ്തകം ചടങ്ങിൽ കേരള ലളിതാകലാ അക്കാദമി സെക്രട്ടറി എബി.എന്‍ ജോസഫ് പ്രകാശനം ചെയ്തു.ഇ.ടി.വര്‍ഗ്ഗീസ് പുസ്തകം ഏറ്റുവാങ്ങി.ധര്‍മ്മവീര്‍ ഭാരതി രചിച്ച് എ.അരവിന്ദാക്ഷന്‍ വിവര്‍ത്തനം ചെയ്ത് അക്കാദമി പ്രസിദ്ധീകരിച്ച അന്ധയുഗം എന്ന പുസ്തകവും എബി.എന്‍ ജോസഫ് പ്രകാശനം ചെയ്തു.അഡ്വ.വി.ഡി.പ്രേംപ്രസാദ് പുസ്തകം ഏറ്റുവാങ്ങി.ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു.അക്കാദമി വൈസ്‌ചെയര്‍മാന്‍ പുഷ്പവതി.പി.ആര്‍,കാഞ്ചന ജി നായര്‍ എന്നിവര്‍ സംബന്ധിച്ചു. അലിയാർ കെ മറുപടി പ്രസംഗം നടത്തി.
അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം സഹീര്‍ അലി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സിറാജ് അമലിന്റെ നേൃത്വത്തില്‍ മെഹ്ഫില്‍ അരങ്ങേറി
--
