നിലയ്ക്കൽ തുടങ്ങുന്ന നിലക്കാത്ത പ്രശ്നങ്ങൾ
- Posted on December 13, 2023
- Localnews
- By Dency Dominic
- 210 Views
ശബരിമല കയറ്റം കഠിനം എന്റെ അയ്യപ്പ സ്വാമി!. എങ്കിലും അയ്യനെ കാണാൻ എന്ത് ത്യാഗവും സഹിക്കാൻ നമ്മൾ മനസ്സിനെ പാകമാക്കും
വ്രത വിശുദ്ധിയുടെ പുണ്യം തേടി ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തുന്ന ഇടം. മുന്നിലേക്കുള്ള പാതയിലേക്കുള്ള വിഘ്നങ്ങളുടെ തുടക്കം, ശരണ പാതയിൽ നമ്മൾ എത്തുമ്പോൾ തന്നെ ആരംഭിക്കുന്നു. നിലയ്ക്കൽ പാർക്ക് ചെയ്യാൻ ഇനി ഇടമില്ല. വാഹനം പമ്പ പരിസരത്ത് നിന്ന് മാറി ഏവിടേലും പാർക്ക് ചെയ്തു എന്ന് വയ്ക്കുക, പിന്നേയും പിറകിൽ എത്തും മറ്റ് ശല്യങ്ങൾ. ഒരു വിധത്തിൽ അവിടുന്ന് പമ്പ സ്നാനത്തിനും പ്രഭാത പ്രാഥമിക കർമ്മങ്ങൾക്കും വേണ്ടി പോയാലൊ, ഒക്കെ പതിവ് പോലെ കാശ് വാങ്ങുന്ന ഇടങ്ങൾ. ശബരീശനെ കാണാൻ പമ്പയിൽ നിന്നും യാത്ര ആരംഭിക്കുന്നിടത്ത് തന്നെ തുടങ്ങുന്നു തടയിടൽ.
അപ്പോഴേക്കും ഒഴുകി എത്തും പോലീസിന്റെ സന്ദേശം. "സന്നിധാനത്ത് തിരക്ക് കുടുതലാണ്, ആയതിനാൽ അയ്യപ്പൻമാർ പമ്പ മുതൽ ഉള്ള ക്യു സംവിധാനത്തിൽ സഹകരിക്കണം". മുന്നിൽ അയ്യനെ കാണണം എന്ന ഒറ്റ ലക്ഷ്യം മാത്രം. കാത്ത് നിൽപ്പ് ഏതാണ്ട് 2 മണിക്കൂർ. പമ്പ മുതൽ തുടങ്ങി കരിമല, നീലിമല , ശരംകുത്തി സർവ്വയിടവും ഒരു തരത്തിലുള്ള ഏകീകരണങ്ങളും ഇല്ലാത്ത അവസ്ഥ തന്നെയാണ് എന്ന് പോകെ പോകെ അറിയാനാകും. ശബരിമല കയറ്റം കഠിനം എന്റെ അയ്യപ്പ സ്വാമി!. എങ്കിലും അയ്യനെ കാണാൻ എന്ത് ത്യാഗവും സഹിക്കാൻ നമ്മൾ മനസ്സിനെ പാകമാക്കും.
വഴിയരികിൽ നമ്മൾ കാണുന്ന ചില ചിത്രങ്ങൾ മറക്കാനാകില്ല. കന്നിമല കയറുന്ന കുഞ്ഞ് അയ്യപ്പൻമാരും മാളിക പുറങ്ങളും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നിൽക്കുന്ന കാഴ്ച മനസ്സ് അലിവുള്ള ആർക്കും കണ്ട് നിൽക്കാനാകില്ല. ഇതൊന്നും പോലിസ് അധികൃതർ കാണാത്ത കാഴ്ച അല്ല. പമ്പയിൽ നിന്നും 7 മണിക്ക് യാത്ര തിരിക്കുന്ന അയ്യപ്പൻമാർ നീണ്ട 7 മണിക്കൂർ കാത്ത് നിൽക്കുക കഠിനമാണ്!. ഒരുതരത്തിൽ പതിനെട്ടാം പടിക്ക് താഴെ നമ്മൾ എത്തുമ്പോഴേക്കും വാടി കുഴഞ്ഞിരിക്കും. ഭഗവാനെ ഒരു മാത്ര കണ്ട് കഴിയുമ്പോഴോ സന്നിധാനത്ത് ഒന്ന് വിരി വക്കാൻ പോലും സ്ഥലം ഉണ്ടാകില്ല. അപ്പം ഒരു കവറിന് 45 രൂപയും, അരവണ 100 രൂപയും. ആവശ്യത്തിന് കൗണ്ടർ ഉണ്ട് എന്നത് ആശ്വാസമാണ് തുടർന്ന് മലയിറക്കമാണ്.
മണിക്കൂറുകളായി അയ്യനെ കാണാൻ ഒരു കൂട്ടം ജനം തളർന്ന് കാത്ത് നിൽക്കുമ്പോഴും, പതിനെട്ടാം പടി പലപ്പോഴും ഒഴിഞ്ഞ് കിടക്കുന്നത് പോലീസിന്റെ ശരിക്കും ഏകീകരണം ഇല്ലാത്തത് കൊണ്ടാണ്. ദേവസ്വം ബോർഡിന്റെ അനാസ്ഥ വെളിവാക്കുന്ന നിരവധി കാഴ്ചകളും കാണാൻ കഴിയും. സന്നിധാനം കൂടുതൽ സൗകര്യപ്രദമാക്കാൻ കാലാകാലങ്ങളായി പല സർക്കാരുകൾ പല പദ്ധതികൾ ആസൂത്രണം ചെയ്യാറുണ്ടെങ്കിലും, ഇപ്പോഴും അതൊക്കെ പേപ്പറുകളിൽ മയങ്ങി കിടപ്പാണ്. ഭക്തി വിറ്റ് എങ്ങനെ കാശാക്കാം എന്നൊരു ചിന്തയെ മാറി മാറിവരുന്ന സർക്കാരിനും ദേവസ്വം ബോർഡിനുമുള്ളൂ. ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ യോഗ്യതയും ചോദ്യചിന്ഹമാണ്. ഇതിനൊരു മാറ്റം കണ്ടത് മുൻ ദേവസ്വം വകുപ്പ് മന്ത്രി ജി സുധാകരന്റെ കാലത്താണ്. എന്നാൽ അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളൊന്നും പ്രാബല്യത്തിലാവുന്നതും കാണാൻ സാധിച്ചില്ല. വ്രതമെടുത്ത് അയ്യനെ കാണാനെത്തുന്ന സാധാരക്കാരാണായ ഭക്തരുടെ പരാതികൾക്ക് പ്രതിവിധി കണ്ടേ തീരു...
- എസ്.വി. അയ്യപ്പദാസ്