കോര്‍പറേറ്റുകളെയും എം.എസ്.എം.ഇ.കളെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ആകർഷിക്കാൻ ബ്രിഡ്ജ് പദ്ധതിയുമായി കെ. എസ്.യു. എം.

കൊച്ചി: 

അമ്പത് കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള കോര്‍പറേറ്റുകളെയും എം.എസ്.എം.ഇകളെയും സ്റ്റാര്‍ട്ടപ്പുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി 'ബ്രിഡ്ജ്' പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.  ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.


ബിസിനസ് റവല്യൂഷൻ ത്രൂ ഇന്നൊവേഷൻ ഡിജിറ്റൽ ഗ്രോത്ത് ആൻഡ് എന്റർപ്രൈസ് എന്നതിന്റെ ചുരുക്ക പേരാണ് ബ്രിഡ്ജ്.


ഇന്ത്യൻ ബിസിനസ്സ് മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാർഷിക വരുമാനം 50 കോടി രൂപയ്ക്ക് മുകളിലുള്ള എം.എസ്.എം.ഇകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് 'ബ്രിഡ്ജ്' പദ്ധതി. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുക്കുന്ന മികച്ച സാങ്കേതിക ഉൽപന്നങ്ങൾ ഉപയുക്തമാക്കുക, അവയിൽ നിക്ഷേപിക്കുക, സ്റ്റാര്‍ട്ടപ്പുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുമുള്ള അവസരം ഈ പരിപാടിയിലൂടെ എംഎസ്എംഇകള്‍ക്ക് ലഭിക്കുന്നു.


ഇന്ത്യയിലെ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് മേഖലയും വിപുലമായ വ്യാവസായിക-ബിസിനസ് മേഖലയും തമ്മിലുള്ള വിടവ് നികത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. രാജ്യത്ത് 1.1 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളും 63 ദശലക്ഷത്തിലധികം എം.എസ്.എം.ഇകളും ഉണ്ടെങ്കിലും, അവർ തമ്മിൽ ആശയവിനിമയത്തിനുള്ള വേദികൾ കുറവാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്ന 'ബ്രിഡ്ജ്' കോഹോർട്ട് പ്രോഗ്രാം ഈയവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500-ലധികം എംഎസ്എംഇ-സ്റ്റാർട്ടപ്പ് പങ്കാളിത്തങ്ങൾ, നൂറിലധികം സാങ്കേതികവിദ്യ അ‍ഡാപ്റ്റേഷന്‍, മികച്ച സാങ്കേതിക സ്റ്റാർട്ടപ്പുകളിലേക്ക് 250 കോടിയിലധികം രൂപയുടെ നിക്ഷേപം എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതു വഴി വ്യവസായങ്ങൾക്ക് പുതിയ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ ലഭ്യമാക്കാനും സ്റ്റാർട്ടപ്പുകൾക്ക് പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഈ പദ്ധതിയിൽ പങ്കാളികളാകുന്ന കമ്പനികൾക്ക് സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ച സാങ്കേതികവിദ്യകൾ നേരിട്ട് തങ്ങളുടെ ബിസിനസ്സിൽ ഉൾപ്പെടുത്തി പ്രവർത്തനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, തങ്ങളുടെ മേഖലയ്ക്ക് അനുയോജ്യമായ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും, ആവശ്യമെങ്കിൽ അവയെ സ്വന്തമാക്കാനും സാധിക്കും. സ്വന്തമായി വലിയ തുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്താതെ തന്നെ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ ബിസിനസ്സ് വേഗത്തിൽ വളർത്താനും കമ്പനികൾക്ക് അവസരമുണ്ട്. മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ പരിവർത്തനത്തിന്റെ ഈ കാലഘട്ടത്തിൽ ബ്രിഡ്ജ് ഗുണം ചെയ്യും.


ഡെമോ ഡേകൾ, പൈലറ്റ് ഫ്രെയിംവർക്കുകൾ, എഐ  സഹായത്തോടെയുള്ള ഇൻവെസ്റ്റ്‌മെന്റ് മാച്ച് മേക്കിംഗ് സെഷനുകൾ, നിക്ഷേപങ്ങൾക്കും ഏറ്റെടുക്കലുകൾക്കുമുള്ള ഇടപാട് പിന്തുണ എന്നിവ ഈ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളാണ്. പങ്കാളികളാകുന്ന കമ്പനികൾക്ക് ദേശീയ തലത്തിൽ 'ഇന്നൊവേഷൻ ചാമ്പ്യന്മാർ' എന്ന അംഗീകാരവും ലഭിക്കും.


മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ബി.എഫ്.എസ്.ഐ, ഹെൽത്ത് കെയർ, അഗ്രി-ടെക്, പ്രൊഫഷണൽ സർവീസസ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിസിനസ്സ് രംഗത്ത് തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള സി.ഇ.ഒമാർ, എം.ഡിമാർ, സ്ഥാപകർ, സി.ഒ.ഒമാർ, സി.എക്സ്.ഒമാർ തുടങ്ങിയവർക്കും സ്റ്റാർട്ടപ്പ് മേഖലയെ പിന്തുണയ്ക്കാൻ താല്പര്യമുള്ള സംഘടനകൾക്കും ഇതിൽ പങ്കാളികളാകാം.


താത്പര്യമുള്ളവർക്ക് https://bridge.startupmission.in എന്ന വെബ്‌സൈറ്റ് വഴിയോ  ksumcr@startupmission.in  എന്ന ഇമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 08047180470 എന്ന നമ്പറിലും ബന്ധപ്പെടാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like