കാരവന്‍ ടൂറിസത്തിന് ഇന്ത്യാ ടുഡേ പുരസ്കാരം

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കേരവന്‍ കേരള'യ്ക്ക്  ഇന്ത്യാ ടുഡേ മാഗസിന്‍റെ പുരസ്കാരം. 'ബെസ്റ്റ് എമര്‍ജിങ് സ്റ്റേറ്റ് ഇന്‍   ഇന്നൊവേഷന്‍' വിഭാഗത്തിലാണ് കാരവന്‍ ടൂറിസം 'എഡിറ്റേഴ്സ് ചോയ്സ്' പുരസ്കാരത്തിന് അര്‍ഹമായത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ടുഡേ ടൂറിസം സമ്മേളനത്തില്‍ കേന്ദ്ര സാംസ്കാരിക സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളില്‍ നിന്നും കേരള ടൂറിസം ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എസ്.ശ്രീകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചാണ് കേരളം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോടിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കാരവന്‍ ടൂറിസത്തിന് ചുരുങ്ങിയ കാലം കൊണ്ട് വിദേശസഞ്ചാരികളെ ഉള്‍പ്പടെ ആകര്‍ഷിക്കാനായി. കാരവന്‍ ടൂറിസത്തിന്‍റെ ഇത്തരം സവിശേഷതകളും സഞ്ചാരികള്‍ക്കിടയിലെ ജനപ്രീതിയും കണക്കിലെടുത്താണ് പുരസ്കാരം.

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേയുടെ   പുരസ്കാരം കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിച്ചിരുന്നു. കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിന് അവാര്‍ഡ്. കാരവന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍, ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിന്‍, ഡബ്ല്യു.ടി.എം എന്നിവയുടെ പുരസ്കാരത്തിനും കഴിഞ്ഞ വര്‍ഷം കേരള ടൂറിസം അര്‍ഹമായിരുന്നു.


പ്രത്യേക ലേഖകൻ


Author
Citizen Journalist

Goutham prakash

No description...

You May Also Like