വനിതാ ദിനം ഉയർത്തുന്ന ചിന്തകൾ
- Posted on March 08, 2023
- Ezhuththakam
- By Goutham Krishna
- 356 Views

പുരുഷാധിപത്യ കേന്ദ്രീകൃതമായ സമൂഹത്തിലെ സമൂഹത്തിൻ്റെ എല്ലാ ഇടങ്ങളിലും ഇപ്പോഴും ഈ ആധിപത്യത്തിൻ്റെ കരിനിഴൽ കാണാം. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ സ്ത്രീകൾക്ക് ശാക്തീകരണം നടന്നിട്ടുണ്ടെങ്കിലും സ്ത്രീ സമത്വത്തിലേക്ക് ചുവടുകൾ ഇനിയും പൂർണ്ണമായും വെച്ചിട്ടില്ല.പുരുഷ കേന്ദ്രീകൃതമായ ചിന്തകളും പ്രവർത്തികളും തന്നെ ഇപ്പോഴും മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നു. പെൺകുട്ടികളെ വളർത്തുന്നത് മുതൽ നമ്മൾ രണ്ട് മനോഭാവത്തിൽ വളർത്തി അവരെ പാകപ്പെടുത്തിയെടുക്കുന്നു .ആൺ കുട്ടികൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി പെൺകുട്ടികളെ അരുതായ്മകളിൽ വളർത്തിയെടുക്കുന്നു. അടുക്കള പണി മുതൽ എല്ലാ പണികളും പെൺകുട്ടികൾ മാത്രം ചെയ്യേണ്ടതാണെന്ന് നാം പഠിപ്പിക്കുന്നു ,അവരെ പുരുഷ കേന്ദ്രീകൃത സമൂഹ നിർമ്മിതിയിലേക്ക് പാകപ്പെടുത്തിയെടുക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം.വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ന് ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്നിരുന്നു. സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്.വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. എല്ലാ മേഖലകളിലും സമത്വത്തിൻ്റെ ആകാശം വിരിയുമ്പോഴാണ് യഥാർത്ഥ സമത്വ സുന്ദര ലോകം ഉണ്ടാകുക. കുടുംബശ്രീയടക്കമുള്ള മുന്നേറ്റങ്ങളിലൂടെ നാം മുന്നേറിയിട്ടുണ്ടെങ്കിലും സമത്വത്തിലേക്ക് എത്താൻ ഇനിയും ഏറെ മുന്നേറാൻ ഉണ്ട്.സ്ത്രീ ദിനങ്ങളിൽ മാത്രമല്ല സ്ത്രീ സമത്വത്തെ കുറിച്ച് വിചാരങ്ങൾ ഉണ്ടാകേണ്ടത്, നമ്മുടെ ഓരോ ജീവിത സന്ദർഭത്തിലും നടപ്പിലാകേണ്ട പ്രവർത്തിയായിരിക്കണമത് .സ്ത്രീദിനങ്ങളിൽ മാത്രം ഒതുങ്ങാത്ത സ്ത്രീ സമത്വവും സ്ത്രീ ശാക്തീകരണവും ഉണ്ടാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
സി. ഡി. സുനീഷ്