രണ്ടാം സംസ്ഥാന പ്രിസണ്‍ മീറ്റിന് തുടക്കമായി
- Posted on December 21, 2024
- News
- By Goutham prakash
- 191 Views
തിരുവനന്തപുരം.
രണ്ടാമത് സ്‌റ്റേറ്റ് പ്രിസണ്‍ മീറ്റ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കളിക്കളത്തില്‍ വച്ച് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐ.പി.എസ്.ന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ആശാ ശോഭന മുഖ്യാതിഥിയായും ബാങ്ക് ഓഫ് ബറോഡ് സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ വിശിഷ്ടാതിഥിയായും ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണമേഖല ഡി.ഐ.ജി.യും സിക്കാ ഡയറക്ടറുമായ സത്യരാജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആസ്ഥാനകാര്യാലയം ഡി.ഐ.ജി. വിനോദ്കുമാര്‍ എം.കെ, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി, കെ.ജെ.ഇ.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.സന്തോഷ്, കെ.ജെ.എസ്.ഒ.എ. പി.വി.ജോഷി എന്നിവര്‍ ആശംസകളും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സജീവ് നന്ദിയും പറഞ്ഞു. മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ആശാ ശോഭനയുടെ നേട്ടങ്ങളെ മന്ത്രി അനുമോദിക്കുയും പൊന്നാടയണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.
550 ജയില്‍ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രിസണ്‍മീറ്റില്‍ പങ്കെടുക്കുന്നതാണ്.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാവിലെ 9 മണിക്ക് പൂജപ്പുര സിക്കയില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കളിക്കളം ഗ്രൗണ്ടില്‍ സജ്ജീകരിച്ചിട്ടുള്ള ദീപസ്തംഭത്തിന് ജയില്‍ ആസ്ഥാനകാര്യാലയം ഡി.ഐ.ജി. തിരി തെളിയിക്കുകയും പ്രിസണ്‍ മീറ്റ് പതാക ദക്ഷിണമേഖല ഡി.ഐ.ജി.യും സിക്കാ ഡയറക്ടറുമായ സത്യരാജ് ഉയര്‍ത്തുകയും ചെയ്തു. ദീപശിഖാപ്രയാണത്തിനോടനുബന്ധിച്ച് എല്‍.ബി.എസ്. വനിതാ എഞ്ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും, പൂജപ്പുര സ്‌ക്കേറ്റിംഗ് ക്ലബിലെ കുട്ടികളുടെ പ്രകടനവും ചടങ്ങിന് മാറ്റുകൂട്ടി.
തുടര്‍ന്ന് കാരംസ്, വോളിബോള്‍, രചനാ മത്സരങ്ങള്‍ വിവിധ വേദികളിലായി അരങ്ങേറി. വൈകുന്നേരം 6 മണിക്ക്് സാമൂഹ്യസുരക്ഷയില്‍ ജയില്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും എന്ന വിഷയത്തില്‍ മാധ്യമ സംവാദം നടന്നു. മാധ്യമസംവാദത്തില്‍ ജോജി സൈമണ്‍, അനന്തകൃഷ്ണന്‍, ഷാന്‍, ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
മീറ്റിന്റെ രണ്ടാംദിവസമായ നാളെ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേടിയത്തില്‍ വച്ച് അത്‌ലറ്റിക്‌സ് മത്സങ്ങള്‍ അരങ്ങേറും. മത്സരങ്ങളുടെ മുന്നോടിയായി നടക്കുന്ന മാര്‍ച്ച്പാസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത വേളയില്‍ ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ഒളിമ്പ്യന്‍ കെ.എം.ബീനാമോള്‍, കാര്യവട്ടം എല്‍.എന്‍.സി.പി. പ്രിന്‍സിപ്പാള്‍ ഡോ. ജി.കിഷോര്‍ തുടങ്ങിവര്‍ സന്നിഹിതരാകും.
