സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട് മികച്ച ജില്ലാപഞ്ചായത്ത്, ഏലൂർ മികച്ച നഗരസഭ, നിഷിനും നിപ്മറിനും  പുരസ്‌ക്കാരങ്ങൾ

തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ - സംസ്ഥാന ഭിന്നശേഷി പുരസ്കാരം 2023 - ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. 

മികച്ച ജില്ലാ പഞ്ചായത്തായി കോഴിക്കോട് ജില്ലാ പഞ്ചായത്തിനെയും മികച്ച നഗരസഭയായി ഏലൂർ നഗരസഭയെയും തിരഞ്ഞെടുത്തു. വടകരയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തൃശൂരിലെ പുന്നയൂർക്കുളവും  മലപ്പുറം ജില്ലയിലെ പുൽപ്പറ്റയും മികച്ച ഗ്രാമപഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ടു.

ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ സർക്കാർ-സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനത്തിനുള്ള പുരസ്‌ക്കാരത്തിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് - നിഷ് - അർഹമായി. ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്റർ പുരസ്‌ക്കാരത്തിന് തൃശ്ശൂർ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ സാമൂഹ്യനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആൻറ് റീഹാബിലിറ്റേഷൻ - NIPMR - അർഹമായി. മികച്ച ക്ഷേമ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരം തവനൂരിലെ പ്രതീക്ഷ ഭവനാണ്. 

20 വിഭാഗങ്ങളിൽ നാമനിർദ്ദേശം ക്ഷണിച്ചതിൽ ആകെ 81 നാമനിർദ്ദേശങ്ങൾ സംസ്ഥാന പുരസ്‌കാരനിർണ്ണയ സമിതിക്കു ലഭിച്ചു. മികച്ച ജില്ലാ ഭരണകൂടം, മികച്ച കോ‍‍ര്‍പ്പറേഷൻ, സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളവയിലാണ് നാമനിർദ്ദേശങ്ങൾ ലഭ്യമായത്.

സാമൂഹ്യനീതി ഡയറക്ടർ അധ്യക്ഷൻ ആയിട്ടുള്ള സ്ക്രൂട്ടണൈസിങ് കമ്മിറ്റി നാമനിർദ്ദേശങ്ങൾ വിലയിരുത്തി. യോഗ്യമായവയിൽനിന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയിലുള്ള  സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ക്യാഷ് അവാർഡും കീർത്തിഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം. പുരസ്കാരങ്ങൾ ഡിസംബർ 26ന് കോഴിക്കോട് ടൗൺഹാളിൽ ഒരുക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Author
No Image
Journalist

Dency Dominic

No description...

You May Also Like