സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.



സി.ഡി. സുനീഷ്.



കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള സഹ-ക്യൂറേറ്റർമാരുടെ പേരുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏഴ് മേഖലകളായി തിരിച്ചാണ് സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റര്‍മാരെ തെരഞ്ഞെടുത്തത്.


രാജ്യത്തുടനീളമുള്ള സർക്കാർ ധനസഹായമുള്ള ആർട്ട് കോളേജുകളുമായി സഹകരിച്ച് വളർന്നു വരുന്ന കലാകാരന്മാരെ അവരുടെ പരിശീലനത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും തങ്ങളുടെ സൃഷ്ടികൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നത്.


ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കെഎംബിയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ഉദ്ഘാടനത്തിന് ഒരു ദിവസം കഴിഞ്ഞാണ് (ഡിസംബര്‍ 13) സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനം ആരംഭിക്കുന്നത്.


രാജ്യത്തെ ഏഴ് മേഖലകളിലായി 150-ലധികം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി ഇടപെട്ടാണ് ക്യൂറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. അവർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി പ്രദർശനത്തിൽ പങ്കെടുക്കേണ്ടവരെ തിരഞ്ഞെടുക്കുകയും, സ്റ്റുഡന്റ്സ് ബിനാലെ പ്രദർശനത്തിനായി പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.  ക്ലാസ് മുറിയ്ക്ക് അപ്പുറമുള്ള ബദൽ വിദ്യാഭ്യാസത്തിനും പ്രയോഗിക പഠനത്തിനും ഊന്നൽ നൽകിക്കൊണ്ട്, രാജ്യത്തെ കലാ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനുള്ള വേദിയായി സ്റ്റുഡന്റ്സ് ബിനാലെ വര്‍ത്തിക്കും.


വിദ്യാർത്ഥി ബിനാലെയുടെ ഓരോ പതിപ്പും പഠന പ്രക്രിയയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു,  ഇന്ത്യയിലെ കലാ വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളും കുറവുകളും മനസ്സിലാക്കാനാണ് വിദ്യാർത്ഥികൾ, അധ്യാപകർ, ക്യൂറേറ്റർമാർ, കലാകാരന്മാർ എന്നിവരുമായി ചേർന്ന് കെബിഎഫ് പ്രവർത്തിക്കുന്നത്. വിപണിക്കും ധനസഹായ സമ്പദ്‌വ്യവസ്ഥയ്ക്കും പുറത്ത് സാധ്യമായ പരിശീലനങ്ങൾ എന്തൊക്കെയാണെന്ന് ഈ ഉദ്യമം പരിശോധിക്കുന്നു. സ്വതന്ത്ര കലാകാരന്മാർ നടത്തുന്ന സംരംഭങ്ങൾ, റെസിഡൻസി മാതൃകകൾ, കൂട്ടായ പ്രവർത്തനങ്ങൾ, അധ്യാപനം, സ്വയം പ്രസിദ്ധീകരണം തുടങ്ങിയവയില്‍ മാതൃകയാകാനും  സഹകരിക്കാനും സഹപ്രവർത്തകരായാണ് ക്യൂറേറ്റർമാരെ ക്ഷണിച്ചത്. സാഹചര്യങ്ങളും വെല്ലുവിളികളും മനസിലാക്കി അറിവ് നേടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള വഴിയാണിതെന്നും മാരിയോ ചൂണ്ടിക്കാട്ടി.


സ്റ്റുഡന്റ്സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍ ഇവരാണ്-പഞ്ചാബ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, ഗോവ, രാജസ്ഥാൻ മേഖല- സവ്യസാചി അഞ്ജു പ്രബീര്‍ സുകന്യ ഡെബ്; കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്- ഡോ. സുധീഷ് കോട്ടേമ്പ്രം, ഡോ. ശീതൾ സി.പി; കർണാടക, തെലങ്കാന- ചിനാർ ഷാ, അശോക് വിഷ്; ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് - ഖുർഷീദ് അഹമ്മദ് സൽമാൻ ബഷീർ ബാബ എന്നിവരാണ് പ്രതിനിധീകരിക്കുന്നത്.


പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ ഗാബ്ബ  എന്ന കലാകാരന്മാരുടെ കൂട്ടായ്മ (റിതുശ്രീ മോണ്ഡൽ, ഹിമാംഗ്ഷു ശർമ്മ, റബീഉൽ ഖാൻ, സുരജിത് മുടി) എന്നിവർ പ്രതിനിധീകരിക്കുന്നു. അംഗ ആർട്ട് കളക്ടീവ്  ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സിക്കിമിലും ശിൽപ്പശാലകൾക്ക് നേതൃത്വം നൽകും. സെക്യുലർ ആർട്ട് കളക്ടീവ്  (സാലിക് അൻസാരി, ഭൂഷൺ ഭോംബാലെ, ഷമീം ഖാൻ, ഷമൂദ അംറേലിയ എന്നിവർ പ്രതിനിധീകരിക്കുന്നു) മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ശിൽപ്പശാലകൾക്ക് നേതൃത്വം നൽകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like