രാമന്‍, മീന്‍, വ്യാസന്‍ ....., കാവ്യയുടെ പേരുകള്‍ ദിലീപ് സേവ് ചെയ്തിരുന്നത് നാലു കള്ളപ്പേരുകളിലെന്ന് പ്രോസിക്യൂഷന്‍.

കൊച്ചി:  


നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി പുറപ്പെടുവിക്കാന്‍ ഇനി മൂന്നു ദിവസം കൂടി. കാവ്യ മാധവന്‍- ദിലീപ് ബന്ധമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കാവ്യയുടെ ഫോണ്‍ നമ്പര്‍ പല പേരുകളിലാണ് ദിലീപ് ഫോണില്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം ഭാര്യ മഞ്ജു വാര്യരില്‍ നിന്നും മറച്ചു പിടിക്കാനാണ് ദിലീപ് ഇങ്ങനെ ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.


നാലു പേരുകളിലാണ് കാവ്യ മാധവന്റെ പേര് ഫോണില്‍ ദിലീപ് സേവ് ചെയ്തിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് കാവ്യയുടെ പേര് ദിലീപ് സേവ് ചെയ്തിരുന്നത്. ഭാര്യ മഞ്ജുവിനെ കബളിപ്പിക്കാനാണ് ഇത്തരം പേരുകള്‍ നല്‍കിയത്. മഞ്ജു വാര്യരുമായി ദാമ്പത്യബന്ധം നിലനില്‍ക്കെയാണ് ദിലീപ് കാവ്യയുമായും ബന്ധം പുലര്‍ത്തുന്നത്. കാവ്യയുമായുള്ള ബന്ധം നടി പുറത്തു പറഞ്ഞതാണ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.


ഒരിക്കല്‍ ദിലീപ് ഫോണ്‍ വീട്ടില്‍ വെച്ചു പോയപ്പോള്‍ യാദൃച്ഛികമായി മഞ്ജു വാര്യര്‍ ഫോണ്‍ നോക്കാനിട വരികയും, ചില മെസ്സേജുകള്‍ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് അത് അന്വേഷിച്ചു പോയപ്പോഴാണ്, സന്ദേശങ്ങള്‍ കാവ്യയുടേതാണെന്ന് തിരിച്ചറിയുന്നത്. 2012ലാണ് ഈ സംഭവമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ മഞ്ജു വാര്യര്‍ പോയിരുന്നു. നടി മഞ്ജുവിനോട് ബന്ധത്തെപ്പറ്റി പറഞ്ഞു എന്ന വൈരാഗ്യമാണ് ക്വട്ടേഷന്‍ നല്‍കുന്നതിന് ഇടയാക്കിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണിലും കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ രണ്ടു പേരുകളിലാണ് സേവ് ചെയ്തിരുന്നത്. ദില്‍കാ, എന്നും കാ-ദില്‍ എന്നീ പേരുകളിലാണ് സേവ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ ദിലീപ് തള്ളിക്കളഞ്ഞു. ക്വട്ടേഷന്‍ കൊടുത്തു എന്ന ആരോപണം ശരിയല്ലെന്നും അതിനു തെളിവില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.


പൊലീസ് കെട്ടിച്ചമച്ച കഥകളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്ന പ്രോസിക്യൂഷന്‍ ആരോപണം നിലനില്‍ക്കുന്നതല്ല. ആക്രമണം ഉണ്ടായ വിവരം അറിഞ്ഞതിനു പിന്നാലെ താന്‍ നടിയെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടി ഒരു കാരണമല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഡിസംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ 11 നാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും അടക്കം 10 പ്രതികളാണ് കേസിലുള്ളത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like