കഥ - പൊരിച്ച മീൻ കലാപം

മോളെ ഈ പൊരിച്ച മീൻ അമ്മയ്ക്ക് ഈ എഴുപത്തഞ്ച് വയസ്സു വരെ കൊതി തീരെ കഴിക്കാൻ കഴിഞ്ഞിട്ടില്ല.

വെളുപ്പാം കാലത്ത് വാതില് വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് ഗീത ഉറക്കത്തിൽ നിന്നുണർന്നത്.. അവൾക്കറിയാം അത് ജാനകിയമ്മയുടെ പണിയാണെന്ന്. ഇപ്പൊൾ എന്നും ഇങ്ങനെ എന്തെങ്കിലും ശബ്ദം കേട്ടാണ് ഗീത ഉറക്കമുണരാറ് . കുറച്ചു നാളായിട്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റവും പറഞ്ഞ് വഴക്കുണ്ടാക്കി ഗീതയുടെ പുറകേനടക്കുകയാണ് ജാനകിയമ്മയുടെ പതിവ് . സഹികെടുമ്പോൾ ഗീത ചിലപ്പൊഴൊക്കെ തിരിച്ചു പറയും. അതാടെ തീർന്നു പിന്നെ കരച്ചിലും  മൂക്കു പിഴിയലുമൊക്കെയാകും.  അതു കാണുമ്പൊൾ ഉണ്ണിക്ക് സങ്കടം വരും അമ്മ എന്തു പറഞ്ഞാലും ഒന്നും തിരിച്ചു പറയരുതെന്ന് ഗീതയോട് പറഞ്ഞിരിക്കുകയാണ് അയാൾ.

കഴിഞ്ഞ ഒരു വർഷം മുൻപുവരെ അതായത് ,ഗീത ജാനകിയമ്മയുടെ ഇളയ മരുമകളായി വീട്ടിലേക്ക് കേറി വന്നിട്ട് പതിനാലു വർഷം വരെ ഏറ്റവും സ്നേഹമുള്ള അമ്മായിയമ്മയും മരുമകളുമായിരുന്നു അവർ. ഒരു വർഷം മുൻപാണ് ജാനകിയമ്മയുടെ ഭർത്താവ് പ്രഭാകര മേനോൻ മരിച്ചത് അതിനു ശേഷമാണ് ജാനകിയമ്മയിൽ ഇങ്ങനൊരു മാറ്റം. അടിക്കടി ജാനകിയമ്മ വഴക്കുണ്ടാക്കുമ്പോൾ അച്ഛന്റെ മരണം ഏൽപ്പിച്ച വേദനയാകാം അമ്മ ഇങ്ങനെയൊക്കെ പെരുമാറാൻ കാരണമെന്നാണ് ഉണ്ണിയുടെയു ഗീതയുടേയും ചിന്ത... 

ജാനകിയമ്മയ്ക്ക് ഇപ്പോൾ എഴുപത്തഞ്ച് വയസാണ് പ്രായം. ഒരുപാട് അംഗങ്ങളുള്ള ഒരു നായർ തറവാട്ടിലാണ് അവർ ജനിച്ചതുംവളർന്നതും. പെൺകുട്ടികൾക്ക് ഒന്നുറക്കെ സംസാരിക്കാൻ പോലും അനുവാദമില്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. സ്ത്രീകൾക്ക് അവകാശങ്ങളൊന്നുമില്ല, അവർ ഇഷ്ടങ്ങളൊന്നും തുറന്നു പഞ്ഞുകൂട എന്നൊക്കെ സ്വയം ചിന്തിക്കുന്ന കുറെ പെണ്ണുങ്ങളായിരുന്നു ജാനകിയമ്മയുടെ വീട്ടിൽ. അതുകൊണ്ടു തന്നെ ഇഷ്ടമുള്ള ഭക്ഷണം പോലുംചോദിച്ചു വാങ്ങാനുള്ള ധൈര്യം  അവർക്കില്ലായിരുന്നു. അതിലൊന്നായിരുന്നു പൊരിച്ച മീൻ. 

സാധാരണ ദിവസങ്ങളിലെല്ലാം  പച്ചക്കറി വിഭവങ്ങളാണ് ജാനകിയമ്മയുടെ വീട്ടിൽ  . വിരുന്നുകാരോ എന്തെങ്കിലും വിശേഷദിവസമോ വരുമ്പോൾ മാത്രമാണ് പുഴ മീൻ വാങ്ങിക്കുന്നത്. മീൻ വറ്റിച്ചതും പൊരിച്ചതുമൊക്കെ ഉണ്ടാകുമെങ്കിലും. വീട്ടിലെ പെണ്ണുങ്ങൾ ഉണ്ണാനിരിക്കുമോൾ ചാറും പുളിയും ഒരു കഷ്ണം മിൻ രണ്ടോമൂന്നോ ആയി പങ്കു വച്ചതും ഒക്കെയാകും കിട്ടുക . അതുകൊണ്ട് ഒരിക്കൽപ്പോലും കൊതീർക്കാൻ മാത്രം മീൻ കഴിക്കാൻ കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല. പൊരിച്ച മീനിന്റെ മണം മാത്രമെ ജാനകിയമ്മ ചെറുപ്പത്തിൽ അറിഞ്ഞിരുന്നുള്ളു.

അധ്യാപകനായ പ്രഭാകര മേനോൻ ജാനകിയമ്മയെ വിവാഹം കഴിക്കുന്നത് അവരുടെ പതിനേഴാം വയസിലായിരുന്നു. ആറാൺ മക്കളുള്ള വീട്ടിൽ  ,രണ്ടാമത്തെ മരുമകളായാണ് ജാനകിയമ്മ ചെല്ലുന്നത്. സ്വന്തം വീട്ടിലേതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല അവിടുത്തേയും അവസ്ഥ. ഒന്നിനും സ്വാതന്ത്ര്യമില്ല. സംസാരം തിരെകുറഞ്ഞ കാർക്കശ്യക്കാരനായിരുന്നു അവരുടെ ഭർത്താവ് . അതുകൊണ്ടു തന്നെ അവരുടെ ആവശ്യങ്ങളോ,  ഇഷ്ടങ്ങളോ  അദ്ദേഹത്തോട് പറയാൻ അവർക്ക് ഭയമായിരുന്നു.

നിസാരമായ കുഞ്ഞുകുഞ്ഞിഷ്ടങ്ങൾ പോലും അവർക്ക് കിട്ടാക്കനികളായായിരുന്നു. അങ്ങനെ കാലം കടന്നുപോയി ജാനകിയമ്മ മൂന്ന് ആൺകുട്ടികളുടെ

 അമ്മയായി. പത്ത് പന്ത്രണ്ട് വർഷത്തെ കൂട്ടുകുടുംബ ജീവിതം അവസാനിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് ജനകിയമ്മയും ഭർത്താവും മക്കളും താമസം മാറി.  അവർക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെയായി ജീവിച്ചു തുടങ്ങി എങ്കിലുംഅപ്പോഴും അവർ പ്രാധാന്യം നൽകിയത് ഭർത്താവിന്റേയും മക്കളുടേയും ഇഷ്ടങ്ങൾക്കായിരുന്നു.

മക്കൾ മൂന്നുപേരും മീൻ കൊതിയൻമാരാണ് . ഇപ്പോൾ ജാനകിയമ്മയുടെ കൂടെയുള്ള ഇളയ മകൻ ഉണ്ണിയണ് കൊതിയൻമാരിൽ പ്രധാനി  . ജാനകിയമ്മയുടെ കണ്ണ് തെറ്റിയാൽ വീട്ടിലെ ആർക്കും ബാക്കി വയ്ക്കാതെ മീൻ പൊരിച്ചതൊക്കെ ഒറ്റയ്ക്ക് തീർത്തു കളയും വിരുതൻ. ഇളയ മകനോടുള്ള അവരുടെ വാത്സല്യക്കൂടുതൽ കൊണ്ട് അവർക്കുള്ള പങ്കും അവരവനു വേണ്ടി കാത്തുവയ്ക്കും. 

അങ്ങനെ വർഷങ്ങളൊരു പാട് കടന്നുപോയി ജാനകിയമ്മയ്ക്ക് മരുമക്കളും പേരകുട്ടികളുമൊക്കെയായി. ഇപ്പോൾ കൂടെയുള്ള ഇളയ മരുമകൾ ഗീത സ്വന്തം അച്ഛനേയും അമ്മയേയും എന്നതു പോലെ തന്നെയാണ് ജാനകിയമ്മയേയും അവരുടെ ഭർത്താവിനേയും ശുശ്രൂഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ ആരോഗ്യ കാര്യങ്ങളിൽ കാർക്കശ്യക്കാരിയാണ് ഗീത. 

കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ പെട്ടെന്ന് പ്രഭാകര മേനോൻ മരിച്ചപ്പോൾ മുതൽ.  അമ്മയ്ക്കും  എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം മൂലം ഗീത,  കൊളസ്ട്രോളും, ബി. പി യുമൊക്കെയുള്ള ജാനകിയമ്മയുടെ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി.

ജാനകിയമ്മയ്ക്ക് അറിയാം മരുമകൾ തന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടാണ് . തനിക്കു വേണ്ടി ഡോക്ടർ പറഞ്ഞിരിക്കുന്ന ഡയറ്റ് പ്രകാരമുള്ള ഭക്ഷണം കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്നതെന്ന്. എങ്കിലും ഈ അടുത്തിടെയായി ജാനകിയമ്മയ്ക്ക് പൊരിച്ചമീൻ കഴിക്കാനുള്ള കൊതി കൂടി വരുകയാണ്. അത് കൊടുക്കാത്തതു കൊണ്ട് ഗീതയോടവർക്ക്  വല്ലാത്ത ദേഷ്യം മാണ്. എന്നാൽ തന്റെ ആവശ്യം തുറന്നു പറയാൻ ജാനകിയമ്മയ്ക്ക് മടിയാണ്. 

അങ്ങിനെയിരിക്കെ ഒരു ദിവസം ഭർത്താവിന്റെ മരണശേഷം അവർക്കു ലഭിച്ചു തുടങ്ങിയ അദ്ദേഹത്തിന്റെ പെൻഷൻ വാങ്ങാൻ  മകനോടാപ്പം പോയി തിരിച്ചു വരുന്നവഴിക്ക് വണ്ടി നേരേ മാർക്കറ്റിലേക്ക് വിടാൻ അവർ മകനോടാവശ്യപ്പെട്ടു . മാർക്കറ്റിൽ നിന്ന് നല്ല കരിമീൻ കുറച്ച് വിലപറഞ്ഞു വാങ്ങിച്ചു ജാനകിയമ്മ. അത് നന്നായിട്ട് ഉപ്പും മുളകും പുരട്ടി പൊരിച്ചു കൊടുക്കാൻ മരുമകളോടവർ പറഞ്ഞു.  ഗീത വിളമ്പി കൊടുത്ത ചോറും മീൻ പൊരിച്ചതും കണ്ടപ്പോൾ ജാനകിയമ്മയ്ക്ക് കരച്ചിൽ വന്നു. 'മോളെ ഈ പൊരിച്ച മീൻ അമ്മയ്ക്ക് ഈ എഴുപത്തഞ്ച് വയസ്സു വരെ കൊതി തീരെ കഴിക്കാൻ കഴിഞ്ഞിട്ടില്ല. എന്ന് നിറകണ്ണുകളോടെ ജാനകിയമ്മ പറയുമ്പോൾ ഗീതയും കരയുകയായിരുന്നു. അവനവനു വേണ്ടി കൂടിയും ഇടക്കെങ്കിലും നമ്മൾ സ്ത്രീകൾ ജീവിക്കണമെന്ന് അവർ മരുമകളോട് പറഞ്ഞു  കൊണ്ട്  . പൊരിച്ചമീനും കൂട്ടി ഒരുരുള ചോറ് ഗീതയുടെ വായിൽ വച്ചു കൊടുത്തു അവർ. പിന്നീടെന്നും മീൻ പൊരിച്ചാൽ ഏറ്റവും നല്ലത് ജാനകിയമ്മയ്ക്കു വേണ്ടി മാറ്റിവയ്ക്കും ഗീത...

        


                ✍️ രമ്യ വിഷ്ണു

കഥ - #ന്റെ #ആമിയുടെ #നാമത്തിൽ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like