കള്ളക്കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ട; ജയിലില്‍ പോകാനും തയ്യാർ. പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന സംഭവത്തില്‍ വാദി പ്രതിയായ സ്ഥിതിയാണ്. അക്രമത്തിന് വിധേയരായ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് സി.പി.എമ്മിന്റെ പാവയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആക്രമണത്തില്‍ കൈയ്യൊടിഞ്ഞ കെ.കെ രമ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കലാപശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിരിക്കുന്നത്. ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. സനീഷ് കുമാര്‍ ജോസഫിനെ നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടിക്കൂട്ടിയതിനെതിരെ ജാമ്യമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എം.എല്‍.എമാര്‍ക്ക് പോലും കിട്ടാത്ത നീതി സാധാരണക്കാര്‍ക്ക് എങ്ങനെ കിട്ടും? ഇതൊന്നും കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ വരേണ്ട. അങ്ങനെ ഭയപ്പെടുത്താമെന്ന ചിന്ത മുഖ്യമന്ത്രിക്കുണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്ക്. പൊലീസിനെയൊക്കെ ഞങ്ങളും ഒരുപാട് കണ്ടതാണ്. അവര്‍ ജയിലില്‍ പോകാന്‍ തയാറാണ്. എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ?

നിയമസഭ സമ്മേളനം എങ്ങനെയും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിയന്തിര പ്രമേയ ചര്‍ച്ചകളെ സര്‍ക്കാരിന് ഭയമാണ്. അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം വര്‍ഷങ്ങളായുള്ളതാണ്. മാറി മാറി വന്ന പ്രതിപക്ഷങ്ങള്‍ അത് ഉപയോഗിച്ചിട്ടുമുണ്ട്. മന്ത്രിമാര്‍ക്ക് അവരുടെ മികവ് പ്രകടിപ്പിക്കാന്‍ കൂടി കിട്ടുന്ന അവസരമാണത്. എന്നിട്ടും പേടിക്കുന്നത് എന്തിനാണ്? അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പറയുന്നതും കേട്ട് വാലും ചുരുട്ടി ഇരുന്നാല്‍ പ്രതിപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യപ്പെടും. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like